പ്രതീകാത്മക ചിത്രം Source: AI, Instagram
CRIME

ഭാര്യ നോറ ഫത്തേഹിയെപോലെ ആകണം; 'ക്രൂരമായ പീഡനം, ഗർഭം അലസിപ്പിച്ചു'; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

കൃത്യമായി വ‍ർക്കൗട്ട് ചെയ്തില്ലെങ്കിൽ ഭക്ഷണം നൽകാറില്ലെന്നും യുവതി ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശ്: ബോളിവുഡ് നടി നോറ ഫത്തേഹിയെപ്പോലെ ആകണമെന്ന് പറഞ്ഞ് യുവതിക്ക് ക്രൂര പീഡനം. നടിയെ പോലെയാകണമെന്ന് പറഞ്ഞ് ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂർ വ്യായാമം ചെയ്യാൻ നിർബന്ധിക്കുമെന്ന് യുവതി പറയുന്നു. കൃത്യമായി വർക്ക ഔട്ട് ചെയ്തില്ലെങ്കിൽ ഭക്ഷണം നൽകാറില്ലെന്നും യുവതി ആരോപിച്ചു.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭർത്താവ് ഒരു സ്ത്രീലമ്പടനാണെന്നും ഇൻ്റർനെറ്റിൽ നിരന്തരം പോൺ വീഡിയോകൾ കാണാറുണ്ടെന്നും യുവതി പറയുന്നു. നോറ ഫത്തേഹിയെ പോലെയാകാൻ ഗർഭഛിദ്ര ഗുളിക കഴിക്കാൻ നിർബന്ധിക്കുകയും, തൻ്റെ ഗർഭം അലസിയെന്നും അവർ അവകാശപ്പെട്ടു.

കഴിഞ്ഞ മാർച്ച് മാർച്ച് ആറിനാണ്, ഗാസിയാബാദ് സ്വദേശി ശിവം ഉജ്ജ്വലും ഷാൻവിയും വിവാഹിതരായത്. സ്ത്രീധനം ഉൾപ്പെടെ 76 ലക്ഷത്തിലധികം രൂപയാണ് ഷാൻവിയുടെ കുടുംബം വിവാഹത്തിനായി ചെലവഴിച്ചത്. 16 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ, 24 ലക്ഷം രൂപയുടെ മഹീന്ദ്ര സ്കോർപിയോ, കൂടാതെ 10 ലക്ഷം രൂപ പണമായും സ്ത്രീധനം നൽകിയായിരുന്നു വിവാഹം.

26കാരിയായ ഷാനു (ഷാൻവി) തന്റെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ അതൊരു പേടിസ്വപ്നമായി മാറി. അമ്മായിയമ്മ അവളെ നിരന്തരം വീട്ടുജോലികൾ ചെയ്യിക്കുകയും, ശിവമിനൊപ്പം സമയം ചെലവഴിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ദമ്പതികൾക്ക് ഒരുമിച്ച് പുറത്ത് പോകാൻ പോലും അനുവാദമില്ലായിരുന്നു.

പങ്കാളി നോറ ഫത്തേഹിയെപ്പോലെയാകണമെന്ന ശിവത്തിൻ്റെ ആഗ്രഹമാണ് തൻ്റെ ജീവിതം നശിപ്പിച്ചതെന്ന് ഷാനു പറയുന്നു. "എനിക്ക് ആവശ്യത്തിന് ഉയരമുണ്ടായിരുന്നെങ്കിലും, എന്നെ നിരന്തരം ബോഡി ഷെയിം ചെയ്തുകൊണ്ടിരുന്നു. എന്റെ ഭർത്താവിന് മറ്റ് സ്ത്രീകളിലാണ് കൂടുതൽ താൽപ്പര്യം. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സ്ത്രീകളുടെ മോശം വീഡിയോകൾ ഇയാൾ നിരന്തരം കാണാറുണ്ട്," ഷാനു പരാതിയിൽ പറഞ്ഞു.

നോറ ഫത്തേഹിയെപ്പോലുള്ള ശരീരത്തിനായി, ഷാനു ദിവസവും മൂന്ന് മണിക്കൂർ വ്യായാമം ചെയ്യേണ്ടി വന്നു. എന്തെങ്കിലും കാരണത്താൽ, ഏതെങ്കിലും ദിവസം ഷാനു വ്യായാമം ചെയ്യാതിരുന്നാൽ, അവൾക്ക് നിരവധി ദിവസത്തേക്ക് ഭക്ഷണം നൽകില്ല.

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷത്തോടെയാണ് ഷാനു ഇക്കാര്യം ഭർതൃവീട്ടുകാരോട് പറഞ്ഞത്. എന്നാൽ ആരും ഇക്കാര്യം ശ്രദ്ധിച്ചില്ല. രണ്ടു ദിവസത്തിന് ശേഷം ഒരൂ ഗുളിക കഴിക്കാൻ കുടുംബം അവളെ നിർബന്ധിച്ചു. "എന്നെ അംഗീകരിക്കാൻ കഴിയാത്തപ്പോൾ എന്റെ കുഞ്ഞിനെ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു ശിവം ചോദിച്ചത്. ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ മാത്രമാണ് ഗർഭഛിദ്രത്തിനുള്ള ഗുളികയായിരുന്നു അതെന്ന് മനസിലായത്," ഷാനു പറയുന്നു.

മകളുടെ അവസ്ഥ മനസിലാക്കിയ മാതാപിതാക്കൾ ഷാനുവിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. അതേ ദിവസം തന്നെ ശിവത്തിൻ്റെ അമ്മയും സഹോദരിയും ചേർന്ന് ഷാനുവിനെ വിളിച്ച് വിവാഹമോചനം നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

ശിവത്തിൻ്റെ വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ മാനസികമായും ശാരീരികമായും വൈകാരികമായും പീഡിപ്പിക്കൽ, സ്ത്രീധനം ആവശ്യപ്പെടൽ, ഗർഭം അലസാൻ പ്രേരിപ്പിക്കൽ, ബ്ലാക്ക് മെയിൽ ചെയ്യൽ, വിവാഹമോചന ഭീഷണി എന്നിവ ആരോപിച്ച് ഷാനു ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ഷാനു ആവശ്യപ്പെട്ടു.

SCROLL FOR NEXT