തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പിന് ശ്രമം. ശ്രീവരാഹം സ്വദേശിയായ 74-കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ഒരാഴ്ചയോളം ഡിജിറ്റൽ തടവിലാക്കി 20 ലക്ഷം രൂപ തട്ടാനായിരുന്നു ശ്രമം. ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗ്രതയിൽ ലക്ഷങ്ങൾ നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് തട്ടിപ്പ് പിടിക്കപ്പെട്ടു.
ഡിസംബർ 17-നാണ് തട്ടിപ്പിന്റെ തുടക്കം. മുംബൈ പൊലീസെന്ന വ്യാജേന എത്തിയ ഫോൺ കോളിലൂടെ ശ്രീവരാഹം സ്വദേശിയായ വയോധികനെ സംഘം കുടുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിച്ചു എന്നും രാജ്യവിരുദ്ധ ഇടപാടുകളിൽ പങ്കുണ്ടെന്നും വിശ്വസിപ്പിച്ച് ഭീഷണി തുടങ്ങി.
ഒടുവിൽ പണം കൈമാറാൻ 24-ാം തീയതി സംഘം അന്ത്യശാസനം നൽകി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു സമ്മർദം. ഇതനുസരിച്ച് ബാങ്കിലെത്തി പണം കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് വഴിത്തിരിവുണ്ടാകുന്നത്. മഹാരാഷ്ട്രയിലേക്കും കർണാടകയിലേക്കും അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം മാറ്റാനുള്ള ശ്രമം അസിസ്റ്റന്റ് മാനേജരുടെ ശ്രദ്ധയിൽപെട്ടു. ഉദ്യോഗസ്ഥർ ഉടൻ സൈബർ പോലീസിനെ വിവരമറിയിച്ചു.
ഫോൺ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാനോ തടങ്കലിലാക്കാനോ പൊലീസിനോ മറ്റ് ഏജൻസികൾക്കോ അധികാരമില്ലെന്ന് സൈബർ പൊലീസ് നിരന്തരം പറയുന്നുണ്ട്. ഇത്തരം ഭീഷണി കോളുകൾ വന്നാൽ ഭയപ്പെടാതെ ഉടൻ 1930 എന്ന നമ്പറിൽ വിവരം അറിയിക്കേണ്ടതാണെന്നും പൊലീസ് ഓർമപ്പെടുത്തി.