എറണാകുളം: വൈറ്റിലയില്‍ കൊല്ലപ്പെട്ട യുവതിയുടെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് മുമ്പ് മല്‍പ്പിടുത്തം നടന്നുവെന്നും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. രക്തം വാര്‍ന്നതാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈറ്റിലയില്‍ കൊല്ലപ്പെട്ട യുവതി സുധ ബേബി കൊല്ലപ്പെട്ടത് പ്രതിയുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് കൊല്ലപ്പെട്ട സുധ ബേബി. സുധയുടെ അമ്മ ഹൈക്കോടതി ജീവനക്കാരി ആയിരുന്നു. പ്രതിയായ ഷാജിയും ഹൈക്കോടതി ജീവനക്കാരനായിരുന്നു. കുറെ നാളുകളായി ഷാജിയും സുധയും തമ്മില്‍ അടുപ്പത്തിലായിരുന്നു.
സുധ വിവാഹമോചിതയാണ്. ഷാജിക്ക് ഭാര്യയും കുട്ടികളും ഉണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ സുധ ഷാജിക്കൊപ്പം വീടുവിട്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളാണ് സുധാ ബേബിയുടെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.
പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്ന് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കൊലപാതകം നടന്നത് റെയില്‍വേ ട്രാക്കിന് സമീപത്ത് വച്ചാണെന്നാണ് നിഗമനം. പ്രതി തിരികെ കാറില്‍ കയറുമ്പോള്‍ ഷര്‍ട്ടില്‍ രക്തക്കറയുണ്ടായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വൈറ്റില മേല്‍പ്പാലത്തിന് താഴെയായി റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ഫോണിലെ സിം കാര്‍ഡ് പരിശോധിച്ചതില്‍ നിന്നാണ് കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. പുലര്‍ച്ചെ ഈ വഴി കടന്നു പോയ അമൃത എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ആണ് മൃതദേഹം ആദ്യം കണ്ടത്.