ലഖ്‌നൗ: ബുർഖ ധരിക്കാത്തതിന്റെ പേരിൽ ഭാര്യയെയും പെൺമക്കളേയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട പ്രതി പിടിയിൽ. ഭാര്യ താഹിറ (35), പെൺമക്കളായ ഷരീൻ (14), അഫ്രീൻ (6) എന്നിവരെയാണ് പ്രതി ഫാറൂഖ് കൊന്ന് കുഴിച്ചുമൂടിയത്. മൂന്നുപേരെയും കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വിവരം പുറത്തുവരുന്നത്. കാണാതായ വിവരം ഗ്രാമത്തലവനാണ് പൊലീസിനെ അറിയിച്ചത്.
ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഫാറൂഖ് കുറ്റം സമ്മതിക്കുകയായിരുന്നു. നടന്ന കാര്യങ്ങൾ വിശദീകരിച്ച പ്രതി കൊന്ന് കുഴിച്ചിട്ട സ്ഥലമടക്കം പൊലീസിന് കാണിച്ച് കൊടുക്കുകയും ചെയ്തു. ഭാര്യ താഹിറ പണം ആവശ്യപ്പെടുകയും പിന്നീട് അത് തർക്കത്തിൽ കലാശിക്കുകയും ചെയ്തു. ഇതിൻ്റെ വൈരാഗ്യത്തിൽ ഭാര്യ വീട്ടിൽ നിന്നും ബുർഖ ധരിക്കാതെ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോകുകയും ചെയ്തു.
ബുർഖ ധരിക്കാതെ ഭാര്യ വെളിയിലേക്ക് ഇറങ്ങിപ്പോയപ്പോൾ തൻ്റെ അഭിമാനത്തിന് അത് മങ്ങലേൽപ്പിച്ചെന്നും, അതുകൊണ്ടാണ് ഭാര്യയെ തിരികെ വിളിച്ച് കൊണ്ട് വന്ന് കൊലപ്പെടുത്തിയത് എന്നും യുവാവ് പൊലീസിന് മൊഴി നൽകി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതിയിൽ നിന്നും കണ്ടെടുത്തെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.