മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്തുവരികയാണ്. മഹാരാഷ്ട്രയിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. അനിൽ ലോഖാണ്ടെ ആണ് കൊല്ലപ്പെട്ടത്. വെറും മൂന്നാഴ്ച മുൻപായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സംഭവത്തിൽ ഭാര്യ രാധികയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജൂൺ 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൃത്യം നടന്ന അന്ന് രാത്രി നവദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. വഴക്കിന് ശേഷം അനിൽ ലോഖണ്ഡെ ഉറങ്ങാൻ കിടന്നു. എന്നാൽ രോഷാകുലയായ രാധിക കോടാലി എടുത്ത് ഭർത്താവിന്റെ തലയിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിൽ മരിച്ചു.
കൊലപാതകത്തിന് പിന്നാലെ രാധിക ബന്ധുവിനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരമാണ് രാധികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെയ് 23നായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.