കൊലപ്പെട്ട രേഖ, ഭർത്താവ് ഗണേഷ് Source: X/@Extreo_
CRIME

ഭാര്യ 'റീൽസ് അഡിക്റ്റ്'; ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

വാക്കു തർക്കത്തിനിടെ പ്രകോപിതനായ ഗണേഷ് പൂജാരി ഭാര്യ രേഖയെ അരിവാൾ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

അമിത മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. 27കാരിയായ രേഖയാണ് കൊല്ലപ്പെട്ടത്. ഉഡുപ്പി ബ്രഹ്മാവർ താലൂക്കിലെ ഹിലിയാന ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിനുശേഷം ഓടിരക്ഷപെട്ട പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.

ഭാര്യയുടെ മൊബൈൽ ഫോൺ ഉപയോഗത്തെ ചോദ്യം ചെയ്തുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കു തർക്കത്തിനിടെ പ്രകോപിതനായ ഗണേഷ് പൂജാരി ഭാര്യ രേഖയെ അരിവാൾ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

എട്ട് വർഷം മുൻപാണ് ഗണേഷും രേഖയും വിവാഹിതരാവുന്നത്. വിവാഹശേഷം വാക്കുതർക്കങ്ങളും പതിവായിരുന്നു. ദാമ്പത്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രേഖ നേരത്തെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അന്ന് പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ച പൊലീസ്, ഇവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകി വിട്ടയച്ചു.

ജൂൺ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ജോലിക്ക് പോയ ഗണേഷ് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷം ഫോൺ ഉപയോഗത്തെച്ചൊല്ലി രേഖയുമായി തർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ ഗണേഷ് അരിവാളെടുത്ത് രേഖയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. രേഖ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കുറ്റകൃത്യത്തിന് ശേഷം ഗണേഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുന്ദാപുര സർക്കിൾ ഇൻസ്പെക്ടറിന്റെയും , ശങ്കരനാരായണ സബ് ഇൻസ്പെക്ടറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ തെരച്ചലിൽ ഗണേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

SCROLL FOR NEXT