SCREENGRAB 
CRIME

90,000 രൂപയുടെ സാരികള്‍ മോഷ്ടിച്ചു; സ്ത്രീയെ റോഡിലിട്ട് മര്‍ദിച്ച് കടയുടമയും സഹായിയും

കടയ്ക്കുള്ളിലെ സിസിടിവിയില്‍ സ്ത്രീ സാരികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാം

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: സാരികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ച കടയുടമയും സഹായിയും അറസ്റ്റില്‍. 90,000 രൂപയുടെ സാരികള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് സ്ത്രീയെ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ബെംഗളൂരുവിലെ അവന്യൂ റോഡിലുള്ള കടയിലാണ് സംഭവം നടന്നത്. കടയിലെത്തിയ ഹമ്പമ്മ എന്ന സ്ത്രീയാണ് സാരികള്‍ മോഷ്ടിച്ചത്. കടയ്ക്കുള്ളിലെ സിസിടിവിയില്‍ സ്ത്രീ സാരികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാം. ഒരു കെട്ട് സാരികള്‍ ആരും കാണാതെ കടയില്‍ നിന്ന് പുറത്തെത്തിച്ചു കൊണ്ടു പോയി.

ഇതേ സ്ത്രീ വീണ്ടും കടയിലെത്തി മോഷണം തുടരുന്നതിനിടയിലാണ് കടയുടമയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കട ഉടമയും ജീവനക്കാരനും ചേര്‍ന്ന് സ്ത്രീയെ റോഡിലേക്ക് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇതിനു ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. മോഷണത്തിന് സ്ത്രീക്കെതിരെയും സ്ത്രീയെ മര്‍ദിച്ചതിന് കടയുടമയ്ക്കും ജീവനക്കാരനുമെതിരെയാണ് കേസെടുത്തത്.

SCROLL FOR NEXT