ഭോപ്പാല്‍: ട്രെയിന്‍ യാത്രക്കിടെ കാണാതായ അഭിഭാഷക അര്‍ച്ചന തിവാരിയുടെ ദുരൂഹമായ തിരോധാനവും അത് കഴിഞ്ഞ് നാടകീയമായ തിരിച്ചുവരവിലും വീണ്ടും ട്വിസ്റ്റ്. ഓഗസ്റ്റ് ഏഴിനാണ് അര്‍ച്ചനയെ കാണാതായത്. ഇന്‍ഡോറില്‍ നിന്നും സ്വദേശമായ കത്‌നയിലേക്കുള്ള യാത്രക്കിടെയായിരുന്നു അര്‍ച്ചനയെ കാണാതായത്.
ഇൻഡോർ-ബിലാസ്പുര്‍ നര്‍മദ എക്‌സ്പ്രസിലായിരുന്നു അര്‍ച്ച തിവാരി യാത്ര ചെയ്തത്. രാത്രി 10.15 ന് കമലാപതി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അമ്മയെ വിളിച്ചു സംസാരിച്ചിരുന്നു. ഇതിനു ശേഷം അര്‍ച്ചനയെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ട്രെയിന്‍ കത്‌നയിലെത്തിയിട്ടും അര്‍ച്ചനയെ കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയത്.
ഒഗസ്റ്റ് 19 ചൊവ്വാഴ്ച രാത്രിയോടെയാണ് അര്‍ച്ചനയെ കണ്ടെത്തുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ലഖിംപൂര്‍ ഖിരിയില്‍ നിന്നാണ് അര്‍ച്ചനയെ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിലുള്ള തിരോധാനവും തുടര്‍ന്നുള്ള കണ്ടെത്തലിലും പുതിയ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.
അര്‍ച്ചനയ്ക്ക് വീട്ടില്‍ നിന്നും വിവാഹം കഴിക്കാനുള്ള കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അര്‍ച്ചന സ്വയം തയ്യാറാക്കിയ പദ്ധതിയായിരുന്നു തിരോധാനമെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്‍ഡോറിലുള്ള സുഹൃത്തിന്റെ സഹായത്തോടെയാണ് അര്‍ച്ചന 'ഒളിച്ചോടിയത്'.
അഭിഭാഷകയായ അര്‍ച്ചനയുടെ നിയമ ബുദ്ധിയിലാണ് പദ്ധതി തയ്യാറാക്കിയത്. ട്രെയിനില്‍ നിന്ന് വീണെന്ന് സംശയമുണ്ടാക്കാന്‍ മനപൂര്‍വം ബാഗ് ട്രെയിനില്‍ ഉപേക്ഷിച്ചു. സിസിടിവി ഇല്ലാത്ത നര്‍മദാപുരത്ത് വെച്ച് കോച്ച് മാറി. ഇറ്റാര്‍സിക്ക് സമീപമുള്ള ബാഗ്രതാവയിലെ വനത്തില്‍ തന്റെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ സുഹൃത്തായ തേജീന്ദറിനോട് നിര്‍ദേശിച്ചു.
എന്നാല്‍ ഈ സമയത്ത് തന്നെ തേജീന്ദറിനെ മറ്റൊരു കേസില്‍ ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. അര്‍ച്ചനയ്ക്കായി തേജീന്ദര്‍ അയാളുടെ അച്ഛന്റെ പേരിലെടുത്ത സിമ്മും പുതിയൊരു മൊബൈലും കരുതിയിരുന്നു. സ്വന്തം ഫോണ്‍ ഇന്‍ഡോറില്‍ ഉപേക്ഷിച്ചായിരുന്നു തേജീന്ദര്‍ യാത്ര ചെയ്തിരുന്നത്. ടോള്‍ ബൂത്തുകള്‍ ഒഴിവാക്കിയായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്. മധ്യപ്രദേശില്‍ തന്നെ തുടരുന്നതിനിടയിലാണ് തിരോധാനത്തിന് മാധ്യമശ്രദ്ധ ലഭിക്കുന്നത്. ഇതോടെ പ്ലാന്‍ മാറ്റുകയായിരുന്നു. ഹിന്ദി അധികം സംസാരിക്കാത്ത ഹൈദരാബാദിലേക്ക് പോകാനായിരുന്നു പദ്ധതി.
പിന്നീട്, ജോധ്പൂര്‍, ഡല്‍ഹി തുടര്‍ന്ന് കാഠ്മണ്ഡുവിലേക്ക് യാത്ര ചെയ്തു. ഇതിനിടയില്‍ സുഹൃത്ത് സാരാന്‍ഷ് ഇന്‍ഡോറിലേക്ക് മടങ്ങുകയും അര്‍ച്ചന ഒളിവില്‍ തുടരുകയും ചെയ്തു. ഇന്‍ഡോറില്‍ വെച്ച് സാരാന്‍ഷ് പൊലീസ് പിടിയിലായതോടെയാണ് അര്‍ച്ചനയുടെ പദ്ധതി പൊളിഞ്ഞത്. പൊലീസ് കസ്റ്റഡിയിലുള്ള സാരാന്‍ഷിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെത്തിയ അര്‍ച്ചന ഇവിടെ വെച്ച് പൊലീസ് പിടിയിലാകുകയായിരുന്നു.