NEWSROOM

ചൊക്രമുടി വിവാദ ഭൂമിയിലെ കൈയ്യേറ്റം: അതിക്രമിച്ച് കയറി നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ്

ദേവികുളം സബ് കളക്ടര്‍ ജയകൃഷ്ണന്‍ വി.എമ്മിന്റെ നിര്‍ദേശപ്രകാരം രാജാക്കാട് പൊലീസാണ് കേസ് രജസ്റ്റര്‍ ചെയ്തത്.

Author : ന്യൂസ് ഡെസ്ക്



ഇടുക്കി ചൊക്രമുടിയിലെ വിവാദ ഭൂമിയില്‍ അതിക്രമിച്ചു കയറി നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ്. വിവാദ ഭൂമിയിലെ നീലക്കുറിഞ്ഞി ചെടികള്‍ ഉള്‍പ്പെടെ വെട്ടിനശിപ്പിച്ചിരുന്നു. ദേവികുളം സബ് കളക്ടര്‍ ജയകൃഷ്ണന്‍ വി.എമ്മിന്റെ നിര്‍ദേശപ്രകാരം രാജാക്കാട് പൊലീസാണ് കേസ് രജസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ വ്യാഴ്ചയാണ് ബൈസണ്‍വാലി പഞ്ചായത്തില്‍ വിവാദ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ വിലക്ക് ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ചിലര്‍ തുനിഞ്ഞത്. അതിക്രമിച്ചു കയറി കാട് വെട്ടി തെളിക്കുകയും നീലക്കുറിഞ്ഞി ചെടികള്‍ വെട്ടി നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് രാജാക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുരന്തനിവാരണ നിയമപ്രകാരമാണ് കേസ്.

വിവാദ ഭൂമി കൈയ്യേറിയ അടിമാലി സ്വദേശിയുടെ തൊഴിലാളികളാണ് നീലക്കുറിഞ്ഞി ചെടികള്‍ ഉള്‍പ്പെടെ വെട്ടി നശിപ്പിച്ചത്. നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയില്‍ രാജാക്കാട് പൊലീസ് എത്തിയാണ് കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചത്. പിന്നീട് വിഷയം സംബന്ധിച്ച് സബ് കളക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് വിലക്കുള്ള ഭൂമിയില്‍ കയ്യേറ്റം നടത്താന്‍ ശ്രമം നടന്നതായി കണ്ടെത്തിയത്. എന്നാല്‍ സംഭവം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ബൈസണ്‍വാലി വില്ലേജ് ഓഫീസര്‍ വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് ചൊക്രമുടി സംരക്ഷണ സമിതി ആരോപിച്ചു.

ചൊക്രമുടിയിലെ കൈയേറ്റം അന്വേഷിക്കാന്‍ എത്തിയ ഐ.ജി. കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം താഴിട്ടു പൂട്ടിയ ഗേറ്റിന്റെ താഴു പൊളിച്ചാണ് ഒരു സംഘം ആളുകള്‍ കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ വിവാദ സ്ഥലത്ത് അതിക്രമിച്ചുകടക്കുകയും അരയേക്കറിലധികം സ്ഥലത്തെ കാട് വെട്ടുകയും ചെയ്തത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചൊക്രമുടിയിലെ മലനിരകളിലെ കൈയ്യേറ്റം സംബന്ധിച്ച റവന്യൂ വകുപ്പിന്റെ അന്വേഷണം ഇഴയുകയാണെന്ന ആക്ഷേപം ശക്തമാണ്.

SCROLL FOR NEXT