ബോയിങ് 737 മാക്‌സ് ജെറ്റ്‌ലൈനര്‍ 
NEWSROOM

ക്രിമിനല്‍ വഞ്ചന കേസ്: കുറ്റസമ്മതം നടത്താന്‍ ബോയിങ് വിമാന കമ്പനി

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ടെക്‌സാസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ബോയിങ് 243.6 മില്യണ്‍ ഡോളര്‍ അധിക തുക പിഴയൊടുക്കേണ്ടി വരും

Author : ന്യൂസ് ഡെസ്ക്

ക്രിമിനല്‍ വഞ്ചനക്കേസില്‍ കുറ്റസമ്മതം നടത്താന്‍ ബോയിങ് വിമാന കമ്പനി. ബോയിങ് 737 മാക്‌സ് ജെറ്റ്‌ലൈനറിന് സംഭവിച്ച മാരകമായ രണ്ട് അപകടങ്ങളുമായി ബന്ധപ്പെട്ടാണ് കേസുകള്‍ ഉയര്‍ന്നുവന്നത്. 2018നും 2019ലും ബോയിങ് 737 മാക്‌സ് ജെറ്റ്‌ലൈനർ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തിന് ശേഷം കമ്പനി സുരക്ഷാ സംവിധാനം പരിഷ്ക്കരിക്കാമെന്ന് യുഎസ് സര്‍ക്കാരുമായി കരാറില്‍ ഏർപ്പെട്ടിരുന്നു. ഈ കരാര്‍ കാരണമാണ് മൂന്ന് വര്‍ഷം കമ്പനി വിചാരണകളില്‍ നിന്നും രക്ഷപ്പെട്ടിരുന്നത്.

സർക്കാരുമായുള്ള കമ്പനിയുടെ കരാര്‍ ലംഘിക്കപ്പെട്ടുവെന്ന് ഞായറാഴ്ച യുഎസ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതോടെ സുരക്ഷാ വീഴ്ചകളില്‍ ബോയിങ്ങിനെതിരെയുള്ള ആരോപണങ്ങള്‍ വിചാരണയിലേക്ക് കടക്കുമെന്ന സൂചനകള്‍ വന്നുതുടങ്ങി. കഴിഞ്ഞ ആഴ്ച രണ്ട് സാധ്യതകളാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ബോയിങ് കമ്പനിക്ക് മുന്നില്‍ വെച്ചിരുന്നത്. ഒന്നുകില്‍ കുറ്റസമ്മതവും പിഴയും  അല്ലെങ്കില്‍ യുഎസിനെ വഞ്ചിക്കാന്‍ ഗൂഡാലോചന നടത്തിയതിന് വിചാരണ. ഇതില്‍ കുറ്റസമ്മതമാണ് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്.

കുറ്റസമ്മത കരാറിന് ഇതുവരെ ഫെഡറല്‍ ജഡ്ജിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ടെക്‌സാസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ബോയിങ് 243.6 മില്യണ്‍ ഡോളര്‍ അധിക തുക പിഴയൊടുക്കേണ്ടി വരും. തങ്ങളുടെ സുരക്ഷാ സംവിധാനത്തില്‍ കുറഞ്ഞത് 455 മില്യണ്‍ ഡോളറെങ്കിലും അടുത്ത മൂന്ന് വര്‍ഷം മുടക്കാമെന്ന് ബോയിങ് സമ്മതിച്ചതായും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെൻ്റ് പറഞ്ഞു. ഇതു നിരീക്ഷിക്കാന്‍ ഒരു മൂന്നാം കക്ഷിയെ നിയോഗിക്കുമെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ടെക്‌സസ് കോടതിയെ അറിയിച്ചു.

കുറ്റസമ്മതം നടത്തുന്നതിലൂടെ ബോയിങ് ക്രിമിനല്‍ വിചാരണകളില്‍ നിന്നും രക്ഷപ്പെടുമെങ്കിലും കമ്പനിയുടെ വിശ്വാസ്യതയെ അത് ബാധിക്കും. യുഎസ് പ്രതിരോധ വകുപ്പ്, നാസ എന്നിവരുമായുള്ള കരാറുകള്‍ അനിശ്ചിതത്വത്തിലേക്ക് കടന്നിരിക്കുകയാണ്. 346 യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും മരണത്തിന് കാരണമായ മാക്സ് ജെറ്റ്‌ലൈനര്‍ വിമാനാപകടത്തിന് മുന്‍പ് ബോയിങ് നടത്തിയെന്ന് പറയുന്ന ക്രമക്കേടുകള്‍ മാത്രമേ കുറ്റസമ്മത കരാറിന്‍റെ പരിധിയില്‍പ്പെടൂ. അലാസ്കാ എയര്‍ലൈന്‍ ഫ്‌ളൈറ്റിന്‍റെ പാനല്‍ തകര്‍ന്നതുപോലുള്ള കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

SCROLL FOR NEXT