സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇന്ന് രാത്രി 8.20ന് അല ഖലീജിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങി രക്ഷപ്പെട്ട അൽ നസറിന് ഇന്ന് വിജയവഴിയിൽ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് മികച്ച പ്രകടനം നടത്താനായിരുന്നില്ല. രാത്രി 10.30ന് അൽ ഹിലാൽ അൽ വഹെദയെ നേരിടും.
അതേസമയം, അൽ നസർ മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ ആൻഡേഴ്സൺ ടലിസ്കയെ വിൽക്കാനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. ടീം പരിശീലകൻ സ്റ്റെഫാനോ പിയോളിയുടെ പദ്ധതികളിൽ നിന്ന് പുറത്തായിക്കഴിഞ്ഞ താരത്തെ തുർക്കി ക്ലബ്ബായ ഫെനർബാഷെക്ക് വിൽക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈ വിൽപ്പനയിലൂടെ 17.5 മില്ല്യൺ യൂറോ അൽ നസറിന് ലഭിക്കുമെന്നാണ് സൂചനകൾ.
ടലിസ്ക അൽ നസർ എഫ്സിയിൽ നിന്ന് പുറത്തുപോയേക്കുമെന്ന് കഴിഞ്ഞ കുറച്ചുനാളുകളായി റിപ്പോർട്ടുകളുണ്ട്. അൽ താവൂണിനെതിരെ നടന്ന അവസാന സൗദി പ്രോ ലീഗ് മത്സരത്തിൽ ടലിസ്ക സ്ക്വാഡിൽ നിന്ന് പുറത്തായതോടെ ഇക്കാര്യം ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടലിസ്കയെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാനാണ് അൽ നസറിന്റെ ശ്രമം.
2025-26 സീസൺ അവസാനം വരെയാണ് ടലിസ്കക്ക് അൽ നസറുമായി കരാറുള്ളത്. എന്നാൽ കരാർ കാലാവധിക്ക് ഒന്നര വർഷം മുന്നേ അദ്ദേഹത്തിന് ക്ലബ്ബ് വിടേണ്ടി വന്നേക്കും. ടലിസ്ക പോകുന്ന ഒഴിവിൽ പുതിയ വിദേശ സ്ട്രൈക്കറെ കൊണ്ടുവരാൻ അൽ നസർ പരിശീലകൻ ക്ലബ്ബിന് നിർദേശം നൽകിയതായാണ് സൂചനകൾ. അൽ നസറിനായി കരിയറിൽ മൊത്തം 104 മത്സരങ്ങളാണ് ഈ മുപ്പതുകാരൻ കളിച്ചത്. ഇതിൽ 76 ഗോളുകളും 10 അസിസ്റ്റുകളുമാണ് സമ്പാദ്യം.
അൽ നസറുമായുള്ള ക്രിസ്റ്റ്യാനോയുടെ കരാർ ഈ സീസണ് ശേഷം അവസാനിക്കാനിരിക്കുകയാണ്. പുതിയ കരാർ കാര്യത്തിൽ ക്ലബ്ബും റോണോയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. 2023 ജനുവരി മുതൽ അൽ നസറിന് ഒപ്പമുള്ള റൊണാൾഡോ ഇതുവരെ 84 മത്സരങ്ങളാണ് അവർക്കായി കളിച്ചത്. 75 ഗോളുകളും 18 അസിസ്റ്റുകളുമാണ് റൊണാൾഡോയുടെ സമ്പാദ്യം.