പാര്‍ട്ടിയില്‍ പല സെക്രട്ടറിമാര്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. കെ. പ്രകാശ് ബാബു, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.' പാര്‍ട്ടിയില്‍ പല സെക്രട്ടറിമാര്‍ വേണ്ട, ഒരു സെക്രട്ടറിയും വക്താവും മതി, അത് ഞാനാണെങ്കില്‍ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍'- ബിനോയ് വിശ്വം പറഞ്ഞു. എഡിജിപിയെ മാറ്റുന്നത് അടക്കമുള്ള വിഷയങ്ങളിലെ നേതാക്കളുടെ പരസ്യപ്രസ്താവനകളിൽ സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂപപ്പെട്ടിരുന്നു.
സംസ്ഥാന വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ ആനി രാജ സംസ്ഥാന സെന്‍ററുമായി ആലോചിക്കണമെന്ന് ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ സംസ്ഥാന വിഷയങ്ങളിൽ പ്രതികരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ആനി രാജയ്ക്കെതിരെ ബിനോയ് വിശ്വം ഡി. രാജയ്ക്ക് കത്ത് നൽകിയിരുന്നു.
ALSO READ : ‘എല്ലാവരും വക്താക്കളാകേണ്ട'; പരസ്യ പ്രസ്താവനകളിൽ സിപിഐ സംസ്ഥാന നേതൃത്വത്തിൽ ഭിന്നത
മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായില്‍ പാലക്കാട് ജില്ലാ കമ്മറ്റിക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും ഡി.രാജ നിര്‍ദേശം നല്‍കി. അതേസമയം, കെ.ഇ ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം എക്സിക്യൂട്ടീവ് തള്ളി.
ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചയായി. ചേലക്കരയിൽ മന്ത്രി കെ. രാജനും,പാലക്കാട് കെ.പി രാജേന്ദ്രനും,വയനാട് സന്തോഷ് കുമാറിനും തെരഞ്ഞെടുപ്പ് ചുമതല നൽകി.