NEWSROOM

അതി‍ർത്തികൾ താണ്ടി പ്രണയം; വിവാഹം വീഡിയോ കോളിലൂടെ, പ്രണയത്തിനായി ഇന്ത്യ ബോർഡർ താണ്ടി പാകിസ്ഥാൻ യുവതി

പാകിസ്ഥാനിയായ മെഹ്‌വിഷ് എന്ന 25കാരിയാണ് രാജസ്ഥാനിയായ തൻ്റെ പങ്കാളിയെ തേടി അതിർത്തികൾ താണ്ടി എത്തിയത്.

Author : ന്യൂസ് ഡെസ്ക്

സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട്, വീഡിയോ കാളിലൂടെ വിവാഹം ചെയ്ത പങ്കാളിയെ തേടി യുവതി താണ്ടിയത് ഇന്ത്യ- പാകിസ്ഥാൻ അതിർത്തി. പാകിസ്ഥാനിയായ മെഹ്‌വിഷ് എന്ന 25കാരിയാണ് രാജസ്ഥാനിയായ തൻ്റെ പങ്കാളിയെ തേടി അതിർത്തികൾ താണ്ടി എത്തിയത്.

2018ലെ തൻ്റെ ആദ്യ വിവാഹം വേർപ്പിരിഞ്ഞതിന് ശേഷമാണ് പാകിസ്ഥാൻ ഇസ്ലാമാബാദുകാരിയായ മെഹ്‌വിഷ് സമൂഹമാധ്യമത്തിലൂടെ റഹ്മാനെ പരിചയപ്പെടുന്നത്. രാജസ്ഥാൻ ബിക്കാനിർ സ്വദേശിയായ റഹ്മാൻ, കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നിരന്തരം സമൂഹമാധ്യമത്തിലൂടെ സംസാരിച്ച ഇരുവരും, നല്ല സൗഹൃദത്തിലാകുകയും, തുടർന്ന് പ്രണയത്തിലാകുകയും ചെയ്തു. 2022 മാർച്ച് 13ന് വിവാഹിതരാകാം എന്ന് തീരുമാനത്തിലെത്തിയ ഇരുവരും മൂന്ന് ദിവത്തിന് ശേഷം വീഡിയോ കോൺഫറൻസിലൂടെ വിവാഹിതരാകുകയായിരുന്നു. പിന്നീട്, മെഹ്‌വിഷിൻ്റെ മെക്കയിലേക്കുള്ള ഉംറ തീർത്ഥാടനത്തിനിടെ ഇരുവരും ഔപചാരികമായി വിവാഹം ചെയ്തു. മെഹ്‌വിഷിൻ്റെ പന്ത്രണ്ട് വർഷത്തോളം നീണ്ട ആദ്യ വിവാഹത്തിൽ ഇവർക്ക് പന്ത്രണ്ടും ഏഴും വയസുള്ള രണ്ട് മക്കളുണ്ട്.

ജൂലൈ 25ന് മെഹ്‌വിഷ് വാഗാ അതിർത്തി വഴി ഇസ്ലാമാബാദിൽ നിന്നും ലാഹോറിലേക്ക് എത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 45 ദിവസത്തെ ടൂറിസ്റ്റ് വിസ എടുത്ത്, ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും നിരവധി സ്ഥിരീകരണങ്ങൾക്ക് ശേഷമാണ് മെഹ്‌വിഷ് ഇന്ത്യയിലെത്തിയത്. റഹ്മാൻ്റെ കുടുംബം വലിയ സ്വീകരണമാണ് ആദ്യമായി വീട്ടിലേക്കെത്തിയ മെഹ്‌വിഷിന് നൽകിയത്.

അടുത്തിടെയായി ഇത്തരത്തിൽ പാകിസ്ഥാൻ- ഇന്ത്യ അതിർത്തികൾ കടന്നുള്ള പ്രണയങ്ങളുടെ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. സീമ ഹൈദർ എന്ന യുവതി ഭർത്താവിനെ വിട്ട് ആൺസുഹൃത്തിനെ കാണാൻ ഇന്ത്യയിലെത്തിയതും വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ വനിതയായ അഞ്ജു, ആൺസുഹൃത്ത് നസറുള്ളയെ കാണുന്നതിനായി ഒരു മാസത്തെ വിസയിൽ പാകിസ്ഥാനിലെത്തിയതും വലിയ വാർത്തയായി.

SCROLL FOR NEXT