NEWSROOM

സുഭദ്രയുടെ കൊലപാതകം:നിർണായക വിവരങ്ങൾ പുറത്ത്; കൊലപാതകം ആസൂത്രിതമോ?

നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം കടവന്ത്ര സ്വദേശി സുഭദ്രയുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സുഭദ്രയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ നിതിൻ മാത്യൂസിന്റേതെന്ന് സ്ഥിരീകരിച്ചു. പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളോട് ഹാജരാകാൻ പൊലീസ് നിർദേശം നൽകി. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ മാത്യുസും ശർമിളയും ഒളിവിൽ പോയി. വളരെ ചെറുപ്പത്തിലേ മാത്യൂസ് മാലമോഷണ കേസിലെ പ്രതിയായിരുന്നു. അന്ന് പണം നൽകിയാണ് വീട്ടുകാർ മോഷണ കേസ് ഒത്തുതീർപ്പാക്കിയത്.

സുഭദ്രയെ കോർത്തുശ്ശേരിയിലെ വീട്ടിലേക്ക് അവസാനമായി കൊണ്ടുവന്നപ്പോൾ അവശയായിരുന്നു എന്ന് അയൽവാസി പൊലീസിന് മൊഴി നൽകിയിരുന്നു. സെപ്തംബർ 10നാണ് കാണാതായ സുഭദ്രയുടെ മൃതദേഹം ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിധിന്‍ മാത്യൂസ്-ശര്‍മിള എന്നിവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മാലിന്യം മറവു ചെയ്യാനെന്ന പേരില്‍ എടുത്ത കുഴിയിലായിരുന്നു മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.

എറണാകുളം കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയുടേത് തന്നെയാണെന്ന് മൃതദേഹമെന്ന് ചൊവ്വാഴ്ച മകൻ തിരിച്ചറിഞ്ഞിരുന്നു. മകൻ രാധാകൃഷ്ണനാണ് അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ശർമിള സുഭദ്രയെ കൂട്ടി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.

കടവന്ത്രയില്‍ നിന്ന് കാണാതായ 73 കാരിയായ സുഭദ്രയെ ശര്‍മിളയുടെ വീട്ടില്‍ കണ്ടതായി നാട്ടുകാരും അറിയിച്ചിരുന്നു. സ്ഥിരമായി തീര്‍ഥാടനം നടത്താറുള്ള സുഭദ്ര മാത്യുവിനേയും ശര്‍മിളയെയും പരിചയപ്പെടുന്നതും തീര്‍ഥാടന വേളയിലാണ്. തീര്‍ഥാടനത്തിന് പോവുകയാണെന്ന് പറഞ്ഞാണ് സുഭദ്ര വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് ലഭ്യമായ വിവരം.

നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കാട്ടൂരില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്

SCROLL FOR NEXT