NEWSROOM

പകുതി വില തട്ടിപ്പ്: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്

പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചനാക്കുറ്റമടക്കമാണ് നജീബ് കാന്തപുരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്



പകുതി വില തട്ടിപ്പില്‍ നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ്. പെരിന്തല്‍മണ്ണ പൊലീസ് ആണ് കേസെടുത്തത്. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചനാക്കുറ്റമടക്കമാണ് നജീബ് കാന്തപുരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

വിദ്യാര്‍ഥിയായ അനുപമ പഠാനവശ്യവുമായി ബന്ധപ്പെട്ട് ലാപ്‌ടോപ്പ് ലഭിക്കുന്നതിനായാണ് പണം നല്‍കിയത്. 21,000 രൂപയോളം നല്‍കിയിട്ട് അഞ്ച് മാസത്തോളം കഴിഞ്ഞിട്ടും ലാപ്‌ടോപ് കിട്ടിയില്ല. അതിനിടെയാണ് സിഎസ്ആര്‍ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കഥകള്‍ പുറത്തുവന്നത്.

നജീബ് കാന്തപുരത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് വഴിയാണ് പണം നല്‍കിയത്. പണം നല്‍കിയതിന്റെ രസീതും ഓഫീസ് നല്‍കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ക്കെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഒരു എംഎല്‍എയ്‌ക്കെതിരെ പരാതി ഉയരുന്നത് ആദ്യമായാണ്.

അതേസമയം, പകുതി വില തട്ടിപ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിപിഎം വനിതാ നേതാക്കളെ പ്രതി ചേര്‍ത്തത്. മുന്‍സിപ്പല്‍ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും മൂന്നു കേസുകളിലാണ് പ്രതി ചേര്‍ത്തത്. പ്രതികളുടെ മേല്‍വിലാസം ഒഴിവാക്കിയാണ് എഫ്‌ഐആര്‍ തയ്യാറാക്കായിരുന്നത്.

പകുതി വില തട്ടിപ്പ് തന്റെ പ്ലാന്‍ ബി ആയിരുന്നെന്നും കേന്ദ്ര പദ്ധതികളായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും അനന്തു കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. എംഎസ്എംഇ പദ്ധതികളിലൂടെ പണം തട്ടാൻ ശ്രമിച്ചു, ശ്രമം പരാജയപ്പെട്ടത്തോടെ പകുതിവില തട്ടിപ്പിലേക്ക് തിരിഞ്ഞെന്നും അനന്തു കൃഷ്ണൻ മൊഴി നൽകി.

സിഎസ്ആ‍ർ ഫണ്ട്‌ അപേക്ഷിച്ച് 200 കമ്പനികൾക്ക് അപേക്ഷ നൽകി. ആരും മറുപടി നൽകിയില്ല. ആനന്ദകുമാറിനെ സമീപിച്ചത് സിഎസ്ആ‍ർ കണ്ടെത്താനാണ്, എന്നാൽ പണം ലഭിച്ചില്ല. സിഎസ്ആർ ഫണ്ട്‌ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകളിൽ നിന്നും പണം വാങ്ങിയതെന്നും മൊഴിയിൽ പറയുന്നുണ്ട്. പണം ഉപയോഗിച്ച് ഇടുക്കി, കോട്ടയം ജില്ലകളിലായി 1.50 കോടിയുടെ സ്ഥലവും, രണ്ട് ഇനോവ ക്രിസ്റ്റ കാറും വാങ്ങിയെന്നും അനന്തു കൃഷ്ണൻ മൊഴി നൽകി. 2019ൽ അനന്തുവിനെതിരെ ഇടുക്കിയിൽ വഞ്ചന കേസ് രജിസ്റ്റർ ചെയ്തിരുന്നു. അനന്തു മൂന്ന് ദിവസം റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.

SCROLL FOR NEXT