ഇസാഫ് ബാങ്കിൽ നിന്നും ലോൺ എടുത്ത പണം, തവണ വ്യവസ്ഥയിൽ തിരിച്ചടച്ചിട്ടും ബാധ്യതകളിൽ കുറവുണ്ടാകുന്നില്ലെന്ന് പരാതി. തൃശൂർ അമ്മാടം സ്വദേശികളായ നിരവധിയാളുകളാണ് ബാങ്കിനെതിരെ പരാതികളുമായി രംഗത്തെത്തിയത്. കളക്ഷൻ ഏജൻ്റും ജീവനക്കാരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറയുന്നു. ഇക്കാര്യം വ്യക്തമായിട്ടും തുടർ നടപടികൾ സ്വീകരിക്കാൻ ബാങ്ക് തയാറായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.
ഇസാഫ് ബാങ്കിന് കീഴിൽ തൃശൂർ അമ്മാടത്ത് പ്രവർത്തിക്കുന്ന പാരഡൈസ് സംഘത്തിലെ അംഗങ്ങളാണ് പരാതിക്കാർ. വിവിധ കാലഘട്ടങ്ങളിലായി ബാങ്കിൽ നിന്നും സംഘാംഗങ്ങൾ ലോൺ എടുത്തിരുന്നു. കളക്ഷൻ ഏജൻ്റ് മുഖേനയും ബാങ്ക് ജീവനക്കാർ മുഖേനയും തവണ വ്യവസ്ഥയിൽ പലരും തിരിച്ചടവും നടത്തി. എന്നാൽ ഇവർ കൈപ്പറ്റിയിരുന്ന പണം ബാങ്കിലേക്ക് എത്തിയിരുന്നില്ലെന്നാണ് പലരും നടത്തിയ പരിശോധനകളിൽ പിന്നീട് കണ്ടെത്തിയത്.
ALSO READ: ഓം പ്രകാശിനെ പരിചയമില്ലെന്ന മൊഴി; പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും വിശ്വാസത്തിലെടുത്ത് പൊലീസ്
പാരഡൈസ് സഘത്തിൻ്റെ കളക്ഷൻ ലീഡറായിരുന്ന ഡെയ്സി ഡേവിസ് , ബാങ്ക് ജിവനക്കാരായ മൃദുല , സിന്ധു എന്നിവർ ചേർന്നാണ് തിരിമറി നടത്തിയതെന്നാണ് ആരോപണം. തൃശൂർ അമ്മാടം സ്വദേശിനിയായ ജിഷ സുനിൽ കുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. കളക്ഷൻ ഏജൻ്റും ജീവനക്കാരും ചേർന്ന് തിരിമറി നടത്തിയ കാര്യം ബാങ്കിൻ്റെ പൂച്ചനിപ്പാടം ശാഖയിൽ അറിയിച്ചിരുന്നു. എന്നാൽ ബാങ്കിൻ്റെ ഭാഗത്ത് നിന്ന് പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്നും പരാതിക്കാർ പറയുന്നു. സമാനമായ രീതിയിൽ കൂടുതൽപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇവരും വരും ദിവസങ്ങളിൽ പരാതി നൽകുമെന്നുമാണ് പാരഡൈസ് സംഘാംഗങ്ങൾ പറയുന്നത്.