NEWSROOM

വനിതാ അഭിഭാഷകയെ വീഡിയോ കോളിൽ വിവസ്ത്രയാക്കി സൈബർ തട്ടിപ്പുകാർ: തട്ടിയെടുത്തത് 50000 രൂപ

നടപടികളുടെ ഭാഗമായി സ്വകാര്യ പരിശോധനയ്ക്ക് വിധേയയാകണമെന്നായിരുന്നു ആവശ്യം

Author : ന്യൂസ് ഡെസ്ക്

മുംബൈ അന്ധേരിയിൽ വനിതാ അഭിഭാഷകയെ വീഡിയോ കോളിൽ വിവസ്ത്രയാക്കി സൈബർ തട്ടിപ്പുകാർ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഭിഭാഷകയെ നഗ്നയാക്കിയത്. 50,000 രൂപയും സംഘം തട്ടിയെടുത്തു.


കഴിഞ്ഞ ബുധനാഴ്ച ഷോപ്പിങ് മാളിലിരിക്കുമ്പോഴാണ് ട്രായിയിൽ നിന്നെന്ന് പരിചയപ്പെടുത്തി അഭിഭാഷകയ്ക്ക് ഫോൺ കോൾ വരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിം കാർഡും നമ്പറും ഉപയോഗിക്കപ്പെട്ടെന്നും സിംകാർഡ് ബ്ലോക്ക് ചെയ്യാതിരിക്കാൻ പൊലീസിൽ നിന്ന് ക്ലിയറൻസ് വാങ്ങണമെന്നുമായിരുന്നു നിർദേശം. തുടർന്ന് അന്ധേരി സൈബർ സെൽ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ചു. നടപടികളുടെ ഭാഗമായി സ്വകാര്യ പരിശോധനയ്ക്ക് വിധേയയാകണമെന്നായിരുന്നു ആവശ്യം.

ഭയന്നുപോയ അഭിഭാഷക തൊട്ടടുത്ത ഹോട്ടലിൽ മുറിയെടുത്തു. കേസ് രേഖകളിലുള്ള ശരീരത്തിലെ അടയാളങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിയെന്ന് വിശ്വസിച്ച അഭിഭാഷക നിർദേശം അനുസരിച്ചു. കേസിൽ നിന്ന് ഒഴിവാക്കാനായി 50,000 രൂപയും അയച്ചു കൊടുത്തു. എന്നാൽ ഇതിന് പിന്നാലെ അഭിഭാഷകയുടെ നഗ്നദൃശ്യം ഉപയോഗിച്ച് തട്ടിപ്പ് സംഘം കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ അഭിഭാഷക ഭർത്താവിനെ വിവരമറിയിക്കുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.











SCROLL FOR NEXT