ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ തീപിടുത്തം. സെക്ടർ-19ലെ അഖിൽ ഭാരതീയ ധർമ്മ സംഘ് ഗീത പ്രസ് ഗോരഖ്പൂരിലെ ക്യാമ്പിലാണ് തീ പടർന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, തീപിടിത്തത്തിൻ്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ALSO READ: "ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ പെട്ടെന്ന് ഭേദമാകും"; വിവാദ പരാമർശവുമായി മദ്രാസ് ഐഐടി ഡയറക്ടർ
നിരവധി ടെൻ്റുകളും അതിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളും തീയിൽ കത്തിനശിച്ചു. അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കുകയായിരുന്നു. തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീ പൂര്‍ണമായും അണച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സെക്ടർ 19ൽ ഗീത പ്രസിന്‍റെ ടെന്‍റിൽ ആണ് തീ ഉയർന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീപിടുത്തം ഉണ്ടായ സ്ഥലത്തെത്തി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അന്വേഷണം നടത്തും എന്ന് എഡിജിപി വ്യക്തമാക്കി.