NEWSROOM

തുടരെ ആറ് സമനിലകൾ; ഒമ്പതാം ഗെയിമിലും ഡിങ് ലിറനെ സമനിലയിൽ തളച്ച് ഗുകേഷ്

അവസാനം നടന്ന ആറ് ഗെയിമുകളും സമനിലയിൽ തന്നെയാണ് അവസാനിച്ചത്

Author : ന്യൂസ് ഡെസ്ക്


ഫിഡെ ലോക ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യ-ചൈന ആവേശപ്പോരാട്ടം തുടരുന്നു. ലോക ചാംപ്യനായ ചൈനയുടെ ലിങ് ഡിറനെതിരായ 14 മത്സരങ്ങളിൽ 9 എണ്ണം പൂർത്തിയായപ്പോൾ ഡി. ഗുകേഷ് കനത്ത വെല്ലുവിളി ഉയർത്തുകയാണ്. ഇതുവരെയുള്ള മത്സരങ്ങളിൽ ഇരുവരും ഓരോ ഗെയിമുകൾ ജയിച്ചപ്പോൾ ശേഷിക്കുന്ന ഏഴ് ഗെയിമുകളും സമനിലയിൽ പിരിഞ്ഞു. അവസാനം നടന്ന ആറ് ഗെയിമുകളും സമനിലയിൽ തന്നെയാണ് അവസാനിച്ചത്.

ഇന്ന് വൈകീട്ട് നടന്ന ഒമ്പതാം ഗെയിമിൽ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിനെ സമനിലയിൽ തളച്ച് ലോക ചാംപ്യനായ ഡിങ് ലിറൻ കരുത്തുകാട്ടി. 54 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും കൈ കൊടുത്ത് സമനിലയിൽ പിരിഞ്ഞത്. ഇരുവർക്കും 4.5 പോയിൻ്റ് വീതമാണുള്ളത്.

ആദ്യ ഗെയിമിൽ ഡിങ്ങിനായിരുന്നു ജയം. രണ്ടാമത്തെ മത്സരം സമനിലയിലായിരുന്നു. ഇതോടെ മൂന്നാമത്തെ മത്സരത്തിൽ ജയിക്കേണ്ടത് ഗുകേഷിന് അത്യന്താപേക്ഷിതമായി മാറിയിരുന്നു. ഈ മത്സരം ജയിച്ചതോടെ ഇരുവർക്കും 1.5 പോയിൻ്റ് വീതം നേടാനായി. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നതാരോ അവർക്ക് ലോക കിരീടത്തിൽ മുത്തമിടാം. സിംഗപ്പൂരിലെ സെൻ്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിൽ വെച്ചാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നത്.

SCROLL FOR NEXT