ജമ്മു കശ്മീർ മുഖ്യമന്ത്രിക്ക് അഭിന്ദനവുമായി ദലൈലാമ. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റണമെന്നും ദലൈലാമ ആവശ്യപ്പെട്ടു. ഷെയ്ഖ് അബ്ദുള്ളയുടെ കാലം മുതൽ നിങ്ങളുടെ കുടുംബത്തിലെ മൂന്ന് തലമുറകളെ അറിയാനുള്ള ഭാഗ്യം എനിക്കുണ്ടായെന്നും ആ സൗഹൃദത്തെ ഞാൻ അമൂല്യമായി കരുതുന്നുവെന്നും ദലൈലാമ പറഞ്ഞു. ഏത് വെല്ലുവിളികൾ വന്നാലും അത് നേരിടാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നും ദലൈലാമ പറഞ്ഞു.
ബുധനാഴ്ചയായിരുന്നു ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ഒരു ദശാബ്ദത്തിനു ശേഷമുള്ള ജമ്മു കശ്മീരിൻ്റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ഒമർ അബ്ദുള്ള. പ്രത്യേക പദവി നഷ്ടമായ ശേഷം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനു ലഭിക്കുന്ന ആദ്യ സർക്കാരാണിതെന്ന സവിശേഷത കൂടിയുണ്ട്.
ALSO READ: കോൺഗ്രസ് മുഖമില്ലാത്ത ജമ്മു-കശ്മീർ മന്ത്രി സഭ; ഒമർ അബ്ദുള്ള സർക്കാരിലെ മന്ത്രിമാർ ആരൊക്കെ?
ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററിൽ വെച്ച് നടന്ന പരിപാടിയില്‍ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയാണ് അഞ്ച് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സുരിന്ദർ കുമാർ ചൗധരി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. സത്യപ്രതിജ്ഞ ചടങ്ങിനു മുന്‍പ് ഹസ്രത്ബാൽ ദേവാലയം സന്ദർശിച്ചിറങ്ങിയ ഒമർ,ജമ്മു കശ്മീരിന്‍റെ കേന്ദ്രഭരണ പ്രദേശമെന്ന പദവി താൽക്കാലികമാണെന്നും അത് മാറുമെന്നുമുള്ള പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
"ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യാ ഗവൺമെൻ്റുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനുള്ള ഏറ്റവും നല്ല മാർഗം ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നതാണെന്ന് ഒമർ അബ്ദുള്ള പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്‌തിരുന്നു.
ALSO READ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു; സുരിന്ദർ കുമാർ ചൗധരി ഉപമുഖ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തില്‍ എൻസി 90 നിയമസഭാ സീറ്റുകളിൽ 42 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നാല് സ്വതന്ത്രർ കൂടി പിന്തുണ അറിയിച്ചതോടെ സീറ്റുകളുടെ എണ്ണം 46 ആയി ഉയർന്നു. ഇതോടെ കോണ്‍ഗ്രസിന്‍റെ പിന്തുണയില്ലാതെ തന്നെ ഭരിക്കാമെന്ന നിലയിലേക്ക് നാഷണല്‍ കോണ്‍ഫറന്‍സ് എത്തുകയായിരുന്നു.