NEWSROOM

പ്രണയ വിവാഹം 6 മാസം മുമ്പ്; സൂര്യപേട്ടിലെ ദളിത് യുവാവിൻ്റെ മരണം ദുരഭിമാന കൊലയെന്ന് കുടുംബം

പ്രണയവിവാഹമാണ് ഈ കൊലപാതകത്തിന് പിന്നാലെന്ന നിഗമനം മുൻനിർത്തിയാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

തെലങ്കാനയിൽ കനാലിൽ ദളിത് യുവാവിൻ്റെ മൃതദേ​ഹം കണ്ടെത്തിയതിനെ തുടർന്ന് ആരോപണവുമായി കുടുംബം. മരിച്ച 32കാരനായ വി.കൃഷ്ണയുടെ മരണം ദുരഭിമാന കൊലയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ജനഗാമ റോഡിൽ നിന്ന് പാലമാരിയിലേക്കുള്ള മൂസി കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പ്രണയവിവാഹമാണ് ഈ കൊലപാതകത്തിന് പിന്നാലെന്ന നിഗമനം മുൻനിർത്തിയാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തലയിൽ കല്ലു പോലുള്ള വസ്തു ഉപയോഗിച്ച് ഇടിച്ച് പരിക്കേൽപ്പിച്ചാണ് യുവാവിനെ കൊന്നത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. 6 മാസം മുമ്പ് യുവാവും ഇതര സമുദായത്തിൽ പെട്ട യുവതിയുമായുള്ള വിവാഹം നടന്നിരുന്നു. ഭാര്യയുടെ കുടുംബത്തിൻ്റെ കടുത്ത എതിർപ്പ് മറികടന്നാണ് ഇരുവരും വിവാഹം കഴിച്ചത്. ഇതാണ് യുവാവിൻ്റെ മരണത്തിനിടയാക്കിയതെന്നും യുവതിയുടെ ബന്ധുക്കളാണ് ഇതിന് പിന്നിലെന്നുമാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആരോപണം.

യുവാവിൻ്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഉചിതമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് യുവാവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ സഹോദരനെ കാണാനില്ലെന്നും, ഒളിവിൽ പോയെന്നും ഉള്ള വാർത്ത പുറത്തുവരുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT