NEWSROOM

ആലപ്പുഴയിലെത്തിച്ചത് ജോലി വാഗ്ദാനം നൽകി; ബലമായി മദ്യം നൽകി പീഡനശ്രമം, പരാതിയുമായി ദളിത് യുവതി

സംഭവത്തിൽ കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ ദളിത് യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പാലക്കാട്‌ സ്വദേശിനിയായ പത്തൊമ്പതുകാരിയെയാണ് ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട ജോലിയെന്ന പരസ്യം കണ്ടാണ് പാലക്കാട് സ്വദേശിയായ പത്തൊമ്പതുകാരി സബിനുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഇയാൾ ജോലി വാഗ്‌ദാനം ചെയ്ത് യുവതിയോട് ആലപ്പുഴയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രി എത്തിയ യുവതിയെ സബിൻ അടുത്തുള്ള ഹോംസ്റ്റേയിൽ എത്തിച്ചു. അവിടെ വെച്ച് ബലമായി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

വീടുകൾ തോറും കയറി സാധനങ്ങൾ വിൽക്കുന്ന കമ്പനിയിലെ ജോലിക്കാരനാണ് സബിൻ. ഇയാൾക്ക് കീഴിൽ നിരവധി ആളുകൾ ജോലി ചെയ്യുന്നുമുണ്ട്. മറ്റ് ആരോടെങ്കിലും ഇയാൾ സമാന രീതിയിൽ അതിക്രമം നടത്തിയിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴി ജോലി വാഗ്‌ദാനം ചെയ്തുള്ള തട്ടിപ്പ് വർധിക്കുന്നുണ്ടെന്നും ഇത്തരത്തിൽ ജോലി തേടുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബു പറഞ്ഞു.

SCROLL FOR NEXT