ചേർത്തലയിൽ ദളിത് വിദ്യാർഥിനിക്കും നടുറോഡിൽ ക്രൂരമായ മർദനം. നേരത്തെ സഹോദരങ്ങളെ അകാരണമായി മർദിച്ചത് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് 19കാരിയെ സിപിഎം പ്രവർത്തർ മർദ്ദിച്ചതെന്നാണ് ആരോപണം. സിപിഎം സജീവ പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്നാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
പൊലീസിൽ പരാതി നൽകിയിട്ടും കേസ് എടുത്തത് ഏറെ വൈകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 19 വയസ്സുകാരിയായ നിലാവ് എന്ന വിദ്യാർഥിനിയെയാണ് അതിക്രൂരമായി മർദിച്ചത്. വിദ്യാർത്ഥിനിയുടെ പ്രായം പോലും പരിഗണിക്കാതെ അക്രമികൾ റോഡിൽ വച്ച് പലതവണ അടിച്ചു. ക്രൂരമായ മർദ്ദനത്തിൽ പലയാവർത്തിയാണ് നിലാവിൻ്റെ തല റോഡിൽ വച്ച് ഇടിച്ചത്. നിലാവിൻ്റെ സഹോദരനും അച്ഛനുമടക്കം നേരത്തെ മർദ്ദനത്തിനിരയായിരുന്നു.
കഴിഞ്ഞ ദിവസം ഷൈജു നിലാവിൻ്റെ സഹോദരങ്ങളെ അകാരണമായി മർദ്ദിച്ചിരുന്നു. മർദിച്ചത് ചൂണ്ടിക്കാട്ടി നിലാവ് പൂച്ചാക്കൽ പൊലീസിൽ ഞായറാഴ്ച്ച രാവിലെ പരാതി നൽകിയിരുന്നു. പരാതി നൽകാൻ പോയ വിവരം അറിഞ്ഞതിന് പിന്നാലെ പ്രതിയായ ഷൈജു, നിലാവും സഹോദരനും വൈകുന്നേരം പുറത്ത് ഇറങ്ങിയ തക്കം നോക്കി മർദിക്കുകയായിരുന്നു.
മർദ്ദനത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ല. ഒടുവിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. സിപിഎം പ്രവർത്തകന് പൊലീസിൽ ഉള്ള സ്വാധീനം മൂലമാണ് കേസെടുക്കാത്തത് എന്നാണ് നിലാവിൻ്റെയും കുടുംബത്തിൻ്റെയും ആരോപണം.