NEWSROOM

അച്ഛന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് മകള്‍; ആലപ്പുഴയില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ ബന്ധുക്കളോട് സജിയെ സോണി മര്‍ദിച്ചിരുന്ന കാര്യം പറയുന്നത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴയില്‍ അച്ഛന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന മകളുടെ പരാതിയില്‍ വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് പരിശോധന. മര്‍ദ്ദനമേറ്റ് ഒരു മാസമായി ചികിത്സയിലിരിക്കെയായിരുന്നു ചേര്‍ത്തല സ്വദേശി വി.സി സജിയുടെ മരണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് പരാതിയുമായി മകള്‍ പോലീസിനെ സമീപിച്ചത്.


ജനുവരി മാസം എട്ടാം തീയതി ഭര്‍ത്താവ് സോണി രാത്രി മദ്യപിച്ച് എത്തി സജിയുമായി വഴക്കുണ്ടാകുന്നത്. സോണിയുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാല്‍ വഴുതി വീണു പരിക്കേറ്റതെന്നായിരുന്നു ഒപ്പം ഉണ്ടായിരുന്ന മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഒരു മാസത്തോളം ചികിത്സയിലിരിക്കേ ഫെബ്രുവരി ഒമ്പതാം തീയതി സജി മരണത്തിന് കീഴടങ്ങി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ ബന്ധുക്കളോട് സജിയെ സോണി മര്‍ദിച്ചിരുന്ന കാര്യം പറയുന്നത്. തുടര്‍ന്ന് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കി.

പ്രേമിച്ച് വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എട്ടാം തീയതി ഉണ്ടായ വഴക്കില്‍ സോണി ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തല ഭിത്തിയില്‍ പല തവണ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് മകളുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ്, റവന്യു വകുപ്പിന്റെ അനുമതി വാങ്ങി മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൊലപാതകമടക്കമുള്ള വകുപ്പുകള്‍ സോണിക്ക് മേല്‍ ചുമത്തുക.

SCROLL FOR NEXT