NEWSROOM

കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട കത്ത്; സ്ഥിരീകരിച്ച് ഡിസിസി പ്രസിഡന്റ്

രാഹുല്‍ മാങ്കൂട്ടത്തിലാണ് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സ്ഥാനാര്‍ഥിയെന്നും എ. തങ്കപ്പന്‍

Author : ന്യൂസ് ഡെസ്ക്

പാലക്കാട് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം കത്ത് കൈമാറിയതായി സ്ഥിരീകരിച്ച് ഡിസിസി പാലക്കാട് പ്രസിഡന്റ് എ. തങ്കപ്പന്‍. ഇപ്പോള്‍ പുറത്തുവന്ന കത്ത് കൂടാതെ വേറെയും കത്തുകള്‍ ദേശീയ നേതൃത്വത്തിന് അയച്ചിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

വേറെ പേരുകള്‍ അടങ്ങിയ കത്തുകള്‍ ദേശീയ നേതൃത്വത്തിന് അയച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് അയച്ച കത്താണ്. രാഹുല്‍ മാങ്കൂട്ടത്തിലാണ് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സ്ഥാനാര്‍ഥിയെന്നും എ. തങ്കപ്പന്‍ പറഞ്ഞു.


ഒക്ടോബര്‍ 15നു പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ. തങ്കപ്പന്റെ പേരിലുളള ലെറ്റര്‍ ഹെഡിലാണ് കത്ത് പുറത്തുവന്നത്. പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തണമെങ്കില്‍ കെ. മുരളീധരന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായി വരണമെന്നാണ് കത്തിലെ ഉള്ളടക്കം. തന്റെ ഒപ്പില്ലാത്ത കത്താണ് പുറത്തുവന്നതെന്നായിരുന്നു തങ്കപ്പന്റെ ആദ്യ പ്രതികരണം.


പിന്നാലെ, തങ്കപ്പന്റെ ഒപ്പോടു കൂടിയ കത്തും പുറത്തു വന്നു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ അടക്കം എട്ടു പേര്‍ ഒപ്പിട്ട കത്താണ് പുറത്തുവന്നിരിക്കുന്നത്. എ. തങ്കപ്പന് പുറമെ, വി.കെ. ശ്രീകണ്ഠന്‍ എംപി, വി.എസ്. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, കെ.എ. തുളസി, പി. ഹരിഗോവിന്ദന്‍, പി.വി. രാജേഷ്, പി. ബാലഗോപാല്‍ എന്നിവരാണ് ഒപ്പിട്ടത്.

അങ്ങനെയൊരു കത്തുണ്ടെങ്കില്‍ അതിന് ഇപ്പോള്‍ എന്താണ് പ്രസക്തി എന്നായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ തന്റെ പേര് നിര്‍ദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പ്രതികരിച്ചു. പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത് രാഹുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആയിരുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.


SCROLL FOR NEXT