NEWSROOM

ചേര്‍ത്തലയിലെ നവജാത ശിശുവിന്റെ കൊലപാതകം: മൃതദേഹം ആണ്‍ സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയില്‍ കുഴിച്ചിട്ട നിലയില്‍

മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നുണ്ടായ ഭീതിയിൽ രതീഷ് കുഞ്ഞിൻ്റെ മൃതദേഹം ആദ്യം മറവ് ചെയ്ത സ്ഥലത്ത് നിന്നും ശുചിമുറിയിലേക്ക് മാറ്റുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ചേർത്തലയിൽ യുവതിയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ ആൺസുഹൃത്ത് രതീഷിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം. കുഞ്ഞിനെ രതീഷിൻ്റെ വീട്ടിൽ കുഴിച്ചു മൂടിയതായി പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു.

ഓഗസ്റ്റ് 26നാണ് പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഓഗസ്റ്റ് 31ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നും യുവതി മറച്ചുവെച്ചിരുന്നു. വയറ്റിൽ മുഴ ആണെന്നായിരുന്നു യുവതി വീട്ടുകാരോട് പറഞ്ഞത്. വാടകയ്ക്ക് നിർത്തിയ സ്ത്രീയായിരുന്നു ആശുപത്രിയിൽ യുവതിയുടെ ബൈസ്റ്റാൻഡറായി നിന്നത്.

പ്രസവത്തിന് പിന്നാലെ യുവതി കുഞ്ഞിനെ സഞ്ചിയിലാക്കി രതീഷിന് കൈമാറുകയായിരുന്നു. രതീഷാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ആദ്യം രതീഷ് കുട്ടിയുടെ മൃതദേഹം വീടിന് സമീപത്ത് മറവ് ചെയ്തു. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് രതീഷിന് പിടിക്കപ്പെടുമെന്ന ഭയന്നു. ഇതോടെയാണ് മൃതദേഹം മറവ് ചെയ്ത സ്ഥലത്ത് നിന്ന് ശുചിമുറിയിലേക്ക് മാറ്റിയത്. കുഞ്ഞിൻ്റെ മൃതദേഹം കത്തിച്ച് കളയാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും രതീഷ് പൊലീസിന് മൊഴി നൽകി.

യുവതിയുടെ പ്രസവത്തെ തുടർന്ന് വീട്ടിലെത്തിയ ആശാ വർക്കർ കുട്ടിയെ കാണാഞ്ഞതോടെയാണ് വിവരം പുറത്തുവരുന്നത്. സംഭവത്തെ തുടർന്ന് ജനപ്രതിനിധി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ഒരു കൂട്ടർക്ക് വിറ്റതായാണ് യുവതി വാർഡ് മെമ്പറോട് പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കണമെന്ന് സിഡബ്ല്യുസി മാതാപിതാക്കളോട് ആവശ്യപ്പെട്ടതോടെയാണ് സത്യങ്ങൾ പുറത്തെത്തുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയതായുള്ള സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളായ ആശ ആൺസുഹൃത്ത് രതീഷ് എന്നിവർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തിട്ടുണ്ട്. 

കേസിൽ ഫോറൻസിക് വിദ്ഗധരുൾപ്പെടെ എത്തി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. കൂടുതൽ തെളിവെടുപ്പ് നാളെ നടക്കും. അതേസമയം കുഞ്ഞിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമാർട്ടം നാളെ നടക്കും.

SCROLL FOR NEXT