വടക്കു കിഴക്കൻ നൈജീരിയയിലുണ്ടായ വെടിവെയ്പിൽ 18 പേർ കൊല്ലപ്പെട്ടു. 19-ഓളം പേർക്ക് ഗരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗ്വോസ പട്ടണത്തിലാണ് സംഭവം. വിവാഹ ചടങ്ങിനു നേരെയായിരുന്നു ആദ്യ ആക്രമണം. കൈക്കുഞ്ഞിനെ തോളിലേറ്റിയ ഒരു സ്ത്രീയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കാമറൂണിന് എതിർവശത്തുള്ള അതിർത്തി പട്ടണത്തിൽ നടന്ന മറ്റ് രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ ഒന്ന് ആശുപത്രിയെയും മറ്റൊന്ന് വിവാഹചടങ്ങിനിടെ ഇരയായവരുടെ ശവസംസ്കാരത്തെയും ലക്ഷ്യമിട്ടായിരുന്നു.
കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ 18 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരുക്കേറ്റ 19 പേരെ തലസ്ഥാനമായ മൈദുഗുരിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ബോർണോ സ്റ്റേറ്റ് എമർജൻസി മാനേജ്മെൻ്റ് ഏജൻസി അറിയിച്ചു. അതേസമയം, സുരക്ഷാ പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
രണ്ട് ദശലക്ഷത്തിലധികം ആളുകളെ മറ്റിപ്പാർപ്പിക്കുകയും 40,000 ത്തിലധികം ആളുകളെ കൊല്ലുകയും ചെയ്ത ബോക്കോ ഹറാം ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ 15 വർഷത്തെ കലാപത്തിൻ്റെ കേന്ദ്രമാണ് ബോർണോ. 2014ൽ ബോർണോ സ്റ്റേറ്റിലെ ചിബോക്ക് പട്ടണത്തിൽ നിന്ന് 250ലധികം സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയതിലൂടെയാണ് ബോക്കോ ഹറാം കുപ്രസിദ്ധിയാർജിച്ചത്. 2014ൽ വടക്കൻ ബോർണോയിലെ ചില പ്രവശ്യകള്‍ കൈവശപ്പെടുത്തുന്നതിനിടെ ബോക്കോ ഹറാം തീവ്രവാദികൾ ഗ്വോസ പട്ടണവും പിടിച്ചെടുത്തിരുന്നു. 2015ൽ ചാഡിയൻ സേനയുടെ സഹായത്തോടെ നൈജീരിയൻ സൈന്യം പട്ടണം തിരിച്ചു പിടിച്ചെങ്കിലും പീന്നിട് പട്ടണത്തിനടത്തുള്ള പർവതങ്ങളിൽ നിന്നും ഭീകരർ ആക്രമണം തുടരുകയായിരുന്നു.
നൈജീരിയയുടെ വടക്കുകിഴക്കൻ പ്രവശ്യയില്‍ നടന്ന ആക്രമണത്തിൽ 40,000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയും ചെയ്തിരുന്നു. അയൽ രാജ്യമായ നൈജർ, കാമറൂൺ, ഛാഡ് എന്നിവിടങ്ങളിലേക്കും സംഘർഷം വ്യാപിച്ചതോടെ തീവ്രവാദികളെ നേരിടാൻ പ്രാദേശിക സൈനിക സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചു.