NEWSROOM

അഗതികളുടെ അമ്മ; ഇന്ന് മദർ തെരേസയുടെ 114-ാം ജന്മവാർഷികം

ജന്മം കൊണ്ട് അൽബേനിയക്കും, കർമ്മം കൊണ്ട് ഇന്ത്യയ്ക്കും സ്വന്തമായ മാനവസ്നേഹിയാണ് മധർ തെരേസ

Author : ന്യൂസ് ഡെസ്ക്

അഗതികളുടെ അമ്മ,,,. മദർ തെരേസയുടെ 114-ാം ജന്മവാർഷികമാണ് ഇന്ന്. ഒരു നൂറ്റാണ്ടിനിപ്പുറവും മദർ തെരേസയുടെ ഓർമ്മകള്‍ അനശ്വരമാണ്. ജന്മം കൊണ്ട് അൽബേനിയക്കും, കർമ്മം കൊണ്ട് ഇന്ത്യയ്ക്കും സ്വന്തമായ മാനവസ്നേഹിയാണ് മദർ തെരേസ. മിഷനറി പ്രവർത്തനം സാധുജന സേവനമായി കണ്ട ആഗ്നസ് ഗോങ്‌ഷെ ബോജാക്‌ഷിയു എന്ന പെണ്‍കുട്ടിയിൽ നിന്നാണ് മദർ തെരേസയിലേക്ക് എത്തിയത്.

18ാം വയസിലാണ് സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോ മഠത്തില്‍ സന്യാസം സ്വീകരിച്ച്, തെരേസ ആ പേര് സ്വീകരിക്കുന്നത്. അവിടെനിന്ന്, കേട്ട കഥകളിലെ അതിദരിദ്ര ഇന്ത്യയിലേക്ക് അവർ അധ്യാപികയായി എത്തി. 17 വർഷം അധ്യാപനവൃത്തിയിലേർപ്പെട്ടു. 1937-ൽ, വ്രതാനുഷ്ഠാനം പൂർത്തിയാക്കി സിസ്റ്റർ തെരേസയില്‍ നിന്ന് മദർ തെരേസയായി.
1946-ലെ ഒരു ട്രെയിൻ യാത്രയിലുണ്ടായ മനസാക്ഷിയുടെ വിളി, പട്ടിണിയും കലാപവും തകർത്ത കൊല്‍ക്കത്തയുടെ തെരുവുകളിലാണ് പിന്നീട് തെരേസ എത്തിയത്.


1948-ല്‍ മാർപ്പാപ്പയുടെ അനുവാദത്തോടെ മഠം വിട്ട്, തന്‍റെ സേവ സാധുക്കള്‍ക്കുവേണ്ടിയർപ്പിച്ചു. ചേരികളിലെ അശരണരും അനാഥരുമായ കുഷ്ഠ രോഗികളുടെ പരിപാലനം ഏറ്റെടുത്തു. 1950-ൽ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു. സഭാ വിശ്വാസികള്‍ ദൈവകോപമായി എയ്ഡിസിനെ കണ്ട കാലത്ത് തെരുവിലിറക്കപ്പെട്ടവർക്ക് അഭയകേന്ദ്രമായി മദർ തെരേസ മാറി. ഇന്ന് ലോകമെമ്പാടും സ്കൂളുകളും, ആരോഗ്യകേന്ദ്രങ്ങളും, മറ്റ് സന്നദ്ധപ്രവർത്തനങ്ങളുമായി ആ മിഷനറി പ്രവർത്തനം വ്യാപിച്ചുകിടക്കുന്നു. അതിർത്തികള്‍ക്ക് അതീതമായ സമാനതകളില്ലാത്ത സേവനത്തിൻ്റെ മറുപേരായി മദർ തെരേസയെ ലോകം കണ്ടു. 1979ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനവും മദർ തെരേസയെ തേടിയെത്തി.


2002-ൽ, വാഴ്ത്തപ്പെട്ടവളായും, 2016 ല്‍ വിശുദ്ധയായും കത്തോലിക്ക സഭ മദർ തെരേസയെ പ്രഖ്യാപിച്ചു. അതേസമയം, ദരിദ്രർക്കുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചപ്പോഴും ദാരിദ്ര്യത്തിൻ്റെ സാമൂഹിക കാരണങ്ങളെ തിരിച്ചറിയാനും ബോധവത്കരണം നടത്താനും ശ്രമിച്ചില്ല എന്ന വിമർശനം  അവർക്ക് നേരിടേണ്ടിവന്നു. ഗർഭഛിദ്രങ്ങൾക്ക് എതിരായിരുന്നു എന്ന കാര്യത്തിലും വിമർശിക്കപ്പെട്ടു. 1979 ലെ നൊബേൽ പ്രഭാഷണത്തിൽ, സമാധാനത്തിന്‍റെ ഏറ്റവും വലിയ ശത്രു ഗർഭച്ഛിദ്രമാണെന്നാണ് മദർ തെരേസ പറഞ്ഞത്. എന്നാല്‍ എല്ലാക്കാലത്തും, മതം കല്‍പ്പിച്ച വിശുദ്ധപദവിക്കുമപ്പുറം ആ ജീവിതത്തെ, മനുഷ്യരാശി ഓർമ്മിക്കുന്നത് മാനവസേവനത്തിന്‍റെ ആള്‍രൂപമായാണ്.

SCROLL FOR NEXT