NEWSROOM

പി.പി. ദിവ്യയെ നവംബർ 12 വരെ റിമാന്‍ഡ് ചെയ്തു; ഇനി പള്ളിക്കുന്നിലെ വനിത ജയിലിൽ

അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി

Author : ന്യൂസ് ഡെസ്ക്



എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. അതുവരെ പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യ. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി, തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കി.

അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദിവ്യയെ കൊണ്ടുവന്ന കണ്ണൂർ എസിപിയുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി രംഗത്തെത്തി.

ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് മുൻ‌കൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിലുള്ളത്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളി. വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ് എന്നും കോടതി പറഞ്ഞു. 

ജാമ്യാപേക്ഷ തള്ളുന്നതില്‍ കളക്ടറുടെ മൊഴിയാണ് ദിവ്യക്ക് ഏറ്റവും തിരിച്ചടിയായത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് പറഞ്ഞതായി കളക്ടര്‍ അരുണ്‍ വിജയന്‍ മൊഴി നല്‍കിയിരുന്നു.


ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ജാമ്യം കൊടുക്കുന്നത് തെറ്റായ സന്ദേശമാണെന്നും വിധി പകര്‍പ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും, ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിറക്കി. എഡിഎം നവീന്‍ ബാബുവിനെ അപമാനിക്കാന്‍ മനഃപൂര്‍വമായ നീക്കം നടത്തിയെന്നും കോടതി വ്യക്തമാക്കി. ദിവ്യയുടെ നിലപാട് നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തിയെന്നും , ആള്‍ക്കൂട്ടത്തിന് മുമ്പില്‍ അപമാനിതനായതിനാല്‍ മറ്റ് വഴികളില്ലാതെയാണ് ജീവനൊടുക്കിയതെന്നും ഉത്തരവില്‍ പറയുന്നു.

SCROLL FOR NEXT