കോഴിക്കോട് കൂത്താളിയിലെ വയോധികന്റെ മരണത്തില്‍ മകൻ അറസ്റ്റിൽ. പേരാമ്പ്ര കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് മകൻ ശ്രീലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയ്ക്കാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന്‍ (69 )നെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശ്രീധരനും മകനും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ശ്രീധരന്റെ തലയുടെ പിൻ വശത്ത് മുറിവേറ്റ പാടും കട്ടിലില്‍ ചോരയും കണ്ടെത്തിയിരുന്നു.
ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയിലെ ബന്ധുവീട്ടിലായിരുന്നു. രണ്ട് മണിയോടുകൂടി ശ്രീലേഷ് വിമലയെ ഫോണ്‍ വിളിച്ച്, ശ്രീധരൻ സുഖമില്ലാതെ വീട്ടില്‍ കിടക്കുന്നുണ്ട് എന്നും തനിക്ക് നോക്കാന്‍ പറ്റില്ലെന്നും പറഞ്ഞു. ഉടന്‍ തന്നെ വിമല ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയായ കാര്‍ത്ത്യായനിയെ വിളിച്ച് വിവരം പറഞ്ഞു. കാര്‍ത്ത്യായനി വീട്ടില്‍ എത്തിയശേഷം നാട്ടുകാരോട് വിവരം പറയുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ശ്രീധരനെ മരിച്ച നിലയില്‍ കട്ടിലില്‍ കണ്ടെത്തിയത്. തലയുടെ പുറക് വശത്ത് മുറിവേറ്റ പാടും കട്ടിലില്‍ രക്തവും കണ്ടെത്തി. ശ്രീധരനും ശ്രീലേഷും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇവര്‍ നിരന്തരം വഴക്കുണ്ടാക്കുകയും അടിപിടിയില്‍ കലാശിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് ശ്രീലേഷ് ശ്രീധരനെ മോട്ടോര്‍സൈക്കിള്‍ ഇടിപ്പിച്ച് പരുക്കേല്‍പ്പിച്ചതായും കാലൊടിഞ്ഞ് ശ്രീധരന്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഫൊറന്‍സിക്, വിരളടയാള വിദഗ്ദര്‍, ഡോഗ് സ്‌കോഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.