NEWSROOM

വ്യവസായി ബി.എം. മുംതാസ് അലിയുടെ മരണം; മലയാളി ദമ്പതികൾ അടക്കം 3 പേർ കസ്റ്റഡിയില്‍

ഒക്ടോബർ 7ന് മംഗളൂരുവിലെ കുളൂർ പാലത്തിന് അടിയില്‍ നിന്നുമാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

പ്രമുഖ കയറ്റുമതി വ്യവസായി ബി.എം. മുംതാസ് അലിയുടെ മരണത്തില്‍ മലയാളി ദമ്പതികൾ ഉൾപ്പെടെ 3 പേർ കസ്റ്റഡിയില്‍. മലയാളികളായ റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ്, ഡ്രൈവർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ നഗ്ന ദൃശ്യങ്ങള്‍ കാട്ടി അലിയെ ഭീഷണിപ്പെടുത്തിയെന്നും 50 ലക്ഷം രൂപ തട്ടിയെടുത്തെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

ഒക്ടോബർ 7ന് മംഗളൂരുവിലെ കുളൂർ പാലത്തിന് അടിയില്‍ നിന്നുമാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയത്. പാലത്തിനു സമീപം, ദേശീയ പാതയില്‍ അലിയുടെ കാർ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുൾപ്പെട്ട സംഘവും എൻഡിആർഎഫും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അലി പാലത്തിൽ നിന്നു സ്വമേധയാ ഫാൽഗുനി പുഴയിലേക്ക് ചാടിയതാകാനാണ് സാധ്യതയെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആറ് പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Also Read: കൊൽക്കത്ത ബലാത്സംഗക്കൊല; സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്


കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മോഹിയുദ്ദീന്‍ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ് അലി.

SCROLL FOR NEXT