'പുഷ്പ 2' സിനിമയുടെ റിലീസിങ്ങിനിടെ ഹൈദരാബാദിൽ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ അല്ലു അർജുൻ രംഗത്ത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കുടുംബത്തിൻ്റേയും കുട്ടികളുടെയും ഭാവി സുരക്ഷിതമാക്കാൻ എപ്പോഴും കൂടെയുണ്ടാകുമെന്നും അല്ലു അറിയിച്ചു.
"ഞാൻ ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലെത്തിയത് അവിടുത്തെ ഉത്സവാന്തരീക്ഷം കണ്ടു മനസിലാക്കാനും ആരാധകരുടെ ആവേശത്തിൽ പങ്കുചേരാനുമായിരുന്നു. എന്നാൽ ദൌർഭാഗ്യകരമായ ചില സംഭവങ്ങളാണ് അരങ്ങേറിയത്. ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഞാനും 'പുഷ്പ 2' സിനിമയുടെ അണിയറ പ്രവർത്തകരും അങ്ങേയറ്റം ദുഃഖിതരാണ്. കുടുംബത്തിൻ്റേയും കുട്ടികളുടെയും ഭാവി സുരക്ഷിതമാക്കാൻ എപ്പോഴും കൂടെയുണ്ടാകും," അല്ലു അർജുൻ പറഞ്ഞു.
"സന്ധ്യ തിയേറ്ററിലെ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തിന് എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും അവർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ദുഃഖിക്കാൻ ഇടം വേണമെന്ന അവരുടെ ആവശ്യത്തെ മാനിക്കുമ്പോൾ തന്നെ, ഈ വെല്ലുവിളി നിറഞ്ഞ യാത്രയിൽ അവരെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്," അല്ലു അർജുൻ ട്വിറ്ററിൽ കുറിച്ചു. ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് (39) വ്യാഴാഴ്ച രാവിലെ മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് രേവതി സന്ധ്യ തിയേറ്ററില്‍ പ്രീമിയര്‍ ഷോ കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. അല്ലു അർജുനെ കാണാനുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി ബോധംകെട്ട് നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീഴുകയും നില ഗുരുതരമാകുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മുന്നറിയിപ്പൊന്നുമില്ലാതെ അല്ലു അർജുൻ തീയേറ്ററിൽ സിനിമ കാണാനെത്തിയതിനെ തുടർന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. അല്ലു അർജുന് പുറമെ തീയേറ്റർ ഉടമകൾക്കെതിരെയും കേസെടുക്കുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. തീയേറ്ററിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അർജുൻ തീയേറ്ററിലെത്തിയതെന്നാണ് ഉയരുന്ന ആരോപണം.
അല്ലു അർജുൻ തിയേറ്റർ സന്ദർശിക്കുമെന്ന് തിയേറ്റർ മാനേജ്‌മെൻ്റിൻ്റെയോ താരത്തിൻ്റേയോ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.വി. ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു. തിയേറ്റർ നടത്തിപ്പുകാർക്ക് അല്ലുവിൻ്റെ സന്ദർശനത്തെ കുറിച്ച് അറിയാമായിരുന്നിട്ടും നടനും സംഘത്തിനും പ്രത്യേക പ്രവേശനമോ എക്സിറ്റോ ഒരുക്കിയിരുന്നില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.