NEWSROOM

ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണം അഞ്ചായി; 70,000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

പടർന്നു പിടിച്ച കാട്ടുതീയിൽ ആയിരത്തിലധികം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാക്കാനായില്ല. കാട്ടുതീയില്‍പ്പെട്ട് ഇതുവരെ അഞ്ച് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതുവരെ 70,000ത്തിലധികം പേരെയാണ് പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ഉദ്ദേശം ആയിരത്തിലധികം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണെന്ന് അഗ്നിരക്ഷാ സേനയും വ്യക്തമാക്കി.

പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചത്. പസഫിക് പാലിസേഡ്‌സില്‍ പടര്‍ന്ന് പിടിച്ച തീ മണിക്കൂറുകള്‍ക്കുള്ളില്‍ 2,900 ഏക്കര്‍ ഭൂമിയിലേക്ക് വ്യാപിച്ചു. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാതെ അമ്പരപ്പിലായി ജനം. കാറും വീടും ഉപേക്ഷിച്ച് ജീവന്‍ രക്ഷിക്കാനായി അവര്‍ പരക്കം പാഞ്ഞു. കെട്ടിടങ്ങളും വീടുകളും അഗ്‌നിക്കിരയായെന്നാണ് റിപ്പോര്‍ട്ടുകള്‍. കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.

ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന സാന്താമോണിക്ക, മാലിബു എന്നീ ബീച്ച് നഗരങ്ങള്‍ക്കിടയിലും കാട്ടുതീ നാശനഷ്ടം വിതച്ചു. ലോസ് ആഞ്ചലസ് കൗണ്ടിയിലെ 220,000 ലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആളുകള്‍ കൂട്ടത്തോടെ റോഡുകളിലേക്ക് നീങ്ങിയതോടെ ഹൈവേകളില്‍ ട്രാഫിക് ബ്ലോക്ക് രൂപപ്പെടുകയും ചെയ്തു.

10,000ത്തോളം വീടുകളിലെ 25,000 പേരുടെ ജീവന് കാട്ടുതീ ഭീഷണിയാണെന്നാണ് ലോസ് ആഞ്ചലസ് അഗ്‌നിരക്ഷാസേന വിഭാഗം ക്രിസ്റ്റിന്‍ ക്രൗലേ പറയുന്നത്. പ്രദേശത്തെ വരണ്ട കാലാവസ്ഥയും കാറ്റും കാട്ടുതീയെ കൂടുതല്‍ ശക്തമാക്കി. പ്രദേശത്ത് ഇനിയും കാറ്റ് തുടരുമെന്ന് ബിബിസിയുടെ കാലാവസ്ഥ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.


SCROLL FOR NEXT