NEWSROOM

മഴയിൽ മുങ്ങി ബെംഗളൂരു; മഴക്കെടുതിയിൽ മരണം മൂന്നായി, 500ഓളം വീടുകൾ തകർന്നതായി റിപ്പോർട്ട്

വെളളക്കെട്ടിനെ തുടർന്ന് ബെംഗളൂരു അർബനിലും റൂറലിലും ഗതാഗതം താറുമാറായി

Author : ന്യൂസ് ഡെസ്ക്


ബെംഗളൂരു ന​ഗരത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടമാണ് ബെംഗളൂരുവിൽ ഉണ്ടായത്. വെള്ളപ്പൊക്കത്തിൽ 500ഓളം വീടുകൾ തകർന്നുവെന്നാണ് റിപ്പോർട്ട്. അതിശക്തമായ മഴയിൽ റോഡ് ഗതാഗതം തകർന്നു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡുകൾ അടച്ചു. വെളളക്കെട്ടിനെ തുടർന്ന് ബെംഗളൂരു അർബനിലും റൂറലിലും ഗതാഗതം താറുമാറായി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വൈദ്യുതാഘാതമേറ്റാണ് ഇന്ന് രണ്ടുപേർ മരിച്ചത്. ബിടിഎം ലേഔട്ടിലെ മൻമോഹൻ കാമത്ത്, 12 വയസുള്ള ദിനേശ് എന്നിവരാണ് മരിച്ചത്. മഴയെ തുടർന്ന് വീട്ടിൽ കയറിയ വെള്ളം പമ്പ് ചെയ്തു കളയുന്നതിനായി മൻമോഹൻ പമ്പ് കണക്ട് ചെയ്യുകയും തുടർന്ന് ഷോക്ക് ഏൽക്കുകയുമായിരുന്നു. സമീപം നിന്നിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകനായ ദിനേഷിനും ഷോക്കേറ്റു. ഇന്നലെ വൈറ്റ്ഫീൽഡിൽ മതിൽ ഇടിഞ്ഞുവീണാണ് 35 കാരി മരിച്ചത്. മഴകെടുതിയിൽ മരിച്ചവർക്ക് സർക്കാർ 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയതോടെ വൈദ്യുതി വിതരണം പലയിടങ്ങളിലും തടസപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മാത്രം 130 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്. അടുത്ത വർഷങ്ങളിൽ ലഭിച്ച ഏറ്റവും ശക്തമായ മഴയാണ് ഇതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. അടുത്ത അഞ്ച് ദിവസം കൂടെ ബെംഗളൂരുവിൽ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

SCROLL FOR NEXT