NEWSROOM

ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെത്തിയ സംഭവം: ആഭ്യന്തര അന്വേഷണത്തിൽ തീരുമാനം ഇന്നുണ്ടായേക്കും

സംഭവത്തിൽ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ കഴിഞ്ഞ​ദിവസം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


വീട്ടില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ ആഭ്യന്തര അന്വേഷണം വേണോ എന്നതിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് തീരുമാനം എടുക്കും. സംഭവത്തിൽ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ കഴിഞ്ഞ​ദിവസം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ആഭ്യന്തര അന്വേഷണത്തെപ്പറ്റിയുള്ള തീരുമാനം എടുക്കുക. ഉപാധ്യായയുടെ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ ആഭ്യന്തര അന്വേഷണത്തിനുള്ള സാധ്യത കൂടുതലാണ്.


അതേസമയം, യശ്വന്ത് വർമയെ സ്ഥലംമാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അലഹബാദ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രം​ഗത്തെത്തിയിരുന്നു. ജഡ്ജിയുടെ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്നും അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നുമാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ സ്ഥലംമാറ്റത്തിന് ഔദ്യോഗിക വസതിയില്‍നിന്ന് പണം കണ്ടെത്തിയെന്ന വിവാദവുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി വാര്‍ത്തക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. പിന്നാലെയാണ് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്ക് സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകിയത്. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വർമയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്നാണ് കൊളീജിയത്തിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലം മാറ്റാൻ നിർദേശം നൽകിയത്.

SCROLL FOR NEXT