NEWSROOM

എക്സൈസിൽ ഡ്രൈവർ തസ്തിക സൃഷ്ടിക്കില്ലെന്ന തീരുമാനം: അതൃപ്തിയറിയിച്ച് എക്സൈസ് കമ്മീഷണർ; സർക്കാരിന് കത്തയച്ചു

ലഹരിക്കൊലയും ആക്രമണങ്ങളും കൂടുന്ന സമയത്ത് എക്സൈസിന്റെ ഈ പോക്ക് നല്ലതിനല്ലായെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണർ സർക്കാരിനയച്ച കത്താണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.

Author : ന്യൂസ് ഡെസ്ക്

എക്‌സൈസിൽ അധിക ഡ്രൈവർ തസ്തികകൾ സൃഷ്ടിക്കില്ലെന്ന സർക്കാർ നിലപാടിൽ അതൃപ്തി പരസ്യമാക്കി എക്സൈസ് കമ്മീഷണർ. എക്സിക്യൂട്ടീവ് തസ്തികയിലുള്ളവരെ ഡ്രൈവറാക്കി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് കത്ത് നൽകി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷണറുടെ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു.

സംസ്ഥാന എക്സൈസിൽ വാഹനങ്ങൾക്ക് ആനുപാതികമായി ഡ്രൈവർമാരില്ലെന്നും, തസ്തിക സൃഷ്ടിക്കില്ല എന്ന സർക്കാർ തീരുമാനവും ന്യൂസ് മലയാളം നേരത്തെ പുറത്തുവിട്ടിരുന്നു. 458 വാഹനങ്ങൾക്ക് വെറും 277 ഡ്രൈവർമാർ മാത്രമാണുള്ളത്. വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഡ്രൈവർ ഇല്ലാത്ത 27 ഓഫീസുകളും സംസ്ഥാനത്തുണ്ട്. ലഹരിക്കൊലയും ആക്രമണങ്ങളും കൂടുന്ന സമയത്ത് എക്സൈസിന്റെ ഈ പോക്ക് നല്ലതിനല്ലായെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണർ സർക്കാരിനയച്ച കത്താണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.

എക്സിക്യൂട്ടീവ് തസ്തികയിലുള്ള ജീവനക്കാരെ ഡ്രൈവിംഗ് ജോലികൾക്കായി നിയോഗിച്ചോളൂ എന്ന സർക്കാരിന്റെ ഉപദേശം ഉപദ്രവമെന്നാണ് കമ്മീഷണർ പറയാതെ പറയുന്നത്. അംഗബലം കുറവുള്ള എക്സൈസ് വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ അത് ബാധിക്കും. കുറ്റവാളികളെ പിന്തുടർന്ന് പിടികൂടണമെങ്കിൽ ഡ്രൈവിങ്ങിൽ പ്രാവീണ്യമുള്ളവർക്ക് മാത്രമേ സാധിക്കൂ. മറ്റു ഡ്യൂട്ടികൾ ചെയ്യേണ്ട ഉദ്യോഗസ്ഥരെ കൊണ്ട് ഡ്രൈവിംഗ് ജോലി കൂടി ചെയ്യിച്ചാൽ ധാരാളം അപാകതകൾക്കും കഷ്ടനഷ്ടങ്ങൾക്കും ഇടയാക്കും. അതിനാൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് കത്തിൽ കമ്മീഷണർ ആവശ്യപ്പെടുന്നത്.


അപ്പോഴും സർക്കാരിന്റെ മറുപടി സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റിനെ പ്രതികൂലമായി ബാധിക്കുമെന്നാണ്. ഡ്രൈവർ തസ്തിക സൃഷ്ടിക്കാൻ തടസ്സമാകുന്ന സാമ്പത്തിക പ്രതിസന്ധി വാഹനങ്ങൾ വാങ്ങിക്കൂട്ടുമ്പോഴില്ലേ എന്നാണ് ചോദ്യം. കടം വാങ്ങിയും കൂലിപ്പണിക്ക് പോയും പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് ചോദിക്കുന്നത്.

സംസ്ഥാനത്താകമാനം ആകെ 458 വാഹനങ്ങളാണ് എക്സൈസിനുള്ളത്. ഇതിൽ 450 കാറുകൾ, 6 ബസുകൾ, 2 മിനി ബസുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഇവയോടിക്കാനുള്ളത് വെറും 277 ഡ്രൈവർമാർ മാത്രമാണ്. വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഡ്രൈവർ ഇല്ലാത്ത 27 ഓഫീസുകളാണ് കേരളത്തിലുള്ളത്. കൂടുതൽ ഡ്രൈവർ തസ്തിക ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് നിരവധിതവണയാണ് കത്ത് നൽകിയത്. എല്ലാം മടക്കി അയച്ചിട്ടുണ്ടെന്നും, തസ്തിക സൃഷ്ടിക്കുന്ന കാര്യം ആലോചന പോലുമില്ലെന്നുമായിരുന്നു മന്ത്രി എം.ബി. രാജേഷിൻ്റെ മറുപടി.


SCROLL FOR NEXT