NEWSROOM

എൻസിപിയിലെ മന്ത്രിമാറ്റം; തീരുമാനം ഇന്ന്, നേതാക്കൾ മുഖ്യമന്ത്രിയെ കാണും

മന്ത്രിയെ മാറ്റുന്നതിനെതിരെ എൻസിപി അജിത് പവാർ പക്ഷം നേതാവ് എൻ.കെ. മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു

Author : ന്യൂസ് ഡെസ്ക്

എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം ഇന്ന് മുഖ്യമന്ത്രിയെ അറിയിക്കും. എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എന്നിവരാണ് ഇന്ന് മുഖ്യമന്ത്രിയെ കാണുന്നത്. അതേസമയം, മന്ത്രിയെ മാറ്റുന്നതിന് എതിരെ എൻസിപി അജിത് പവാർ പക്ഷം നേതാവ് എൻ.കെ. മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

എ.കെ. ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മന്ത്രിയാകുന്നതിൽ തീരുമാനം ഇന്നുണ്ടാകാനാണ് സാധ്യത. വൈകിട്ട് മൂന്നരയ്ക്ക് എൻസിപി നേതാക്കൾ മുഖ്യമന്ത്രിയെ കാണും. തോമസ് കെ. തോമസ് മന്ത്രിയാകണമെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയെ നേതാക്കൾ അറിയിക്കും.

ALSO READ: രാജിവെക്കുന്നതിൽ ഒരു മടിയുമില്ല; മന്ത്രിസ്ഥാനത്ത് നിന്ന് മാറാൻ എപ്പോഴും സന്നദ്ധൻ: എ.കെ. ശശീന്ദ്രൻ

എൻസിപി തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കാനാണ് സാധ്യത. സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോയുമായുള്ള ഉടക്ക് അവസാനിപ്പിച്ചതോടെയാണ് തോമസ് കെ. തോമസിന് മന്ത്രിസ്ഥാനത്തേക്ക് വഴി തെളിഞ്ഞത്. ആദ്യ ഘട്ടത്തിൽ മാറിക്കൊടുക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ തയാറായിരുന്നില്ല. മന്ത്രിസ്ഥാനത്തിന് തൊഴിലുറപ്പിൻ്റെ ഉറപ്പ് പോലുമില്ലെന്ന് മന്ത്രി തുറന്നുപറയുകയും ചെയ്തു.

എന്നാൽ സംസ്ഥാന നേതൃത്വം, പിന്തുണ തോമസ് കെ. തോമസിന് തന്നെയെന്ന് പരസ്യമായി പറഞ്ഞു. ഇതോടെ ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തിനൊപ്പമെന്ന് ശശീന്ദ്രൻ നിലപാടെടുത്തു. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറിയാൽ പാർട്ടിയിൽ പ്രധാന പദവി വേണമെന്ന് ശശീന്ദ്രൻ ആവശ്യപ്പെട്ടതായാണ് വിവരം. ഇത് പാർട്ടിയുടെ പരിഗണനയിലുണ്ട്. അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.


മന്ത്രിസ്ഥാനം മാറുന്നതിൽ പി.സി. ചാക്കോയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നാണ് എൻസിപി അജിത് പവാർ വിഭാഗത്തിൻ്റെ വാദം. പാർട്ടി പിളർന്നപ്പോൾ ഔദ്യോഗിക ചിഹ്നവും കൊടിയും നൽകിയത് അജിത് പവാറിനാണ്. അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് താനാണെന്ന് എൻ.കെ. മുഹമ്മദ് പറയുന്നു. അതിനാൽ പി.സി. ചാക്കോയുടെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് മുഹമ്മദ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

SCROLL FOR NEXT