തൃശൂർ വരന്തരപ്പിള്ളി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിനെതിരെ അടിയന്തരി നടപടി സ്വീകരിക്കാൻ തീരുമാനം. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രൻ വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. വന്യമൃഗ ശല്യത്തിനെതിരായ നടപടികൾ സ്വീകരിക്കുന്നതിന് 5 ലക്ഷം രൂപ അടിയന്തിരമായി അനുവദിച്ചു.
ആന ശല്യത്തിന് ശ്വാശത പരിഹാരമായി 24 കിലോ മീറ്ററോളം നീളത്തിൽ ട്രഞ്ച് കുഴിക്കുന്നതിന് വനം വകുപ്പ് നടപടികൾ ആരംഭിക്കും. പുലിയുടെ ആക്രമണം ഉണ്ടായ സ്ഥലങ്ങളിൽ കൂട് സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആന-പുലി എന്നീ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനവാസ മേഖലകളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. ആന ശല്യം രൂക്ഷമായ ആറ് സ്ഥലങ്ങളിൽ ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കും, ഇതിനായി എംഎൽഎയുടെ സ്പെഷ്യൽ ഫണ്ട് അനുവദിക്കാനും തീരുമാനമായി.
വന്യമൃഗ ശല്യം തടയുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ മേഖല കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോൺസ് ടീമും ജനകീയ സമിതിയും രൂപീകരിക്കും. വന്യമൃഗ ശല്യത്തിനെതിരെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള പ്രൊജക്ടുകൾ തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. എസ്റ്റേറ്റുകളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്നതിന് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ പ്ലാന്റേഷൻ കമ്പനികളും ഉറപ്പ് നൽകിയിട്ടുണ്ട്.