പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പോളിംഗ് നടന്നില്ലെങ്കിലും വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നളികളും. ബൂത്തുതല കണക്കുകളുടെ അവലോകനം ഇന്ന് നടക്കും. 70.51% ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.44% പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ വോട്ടർമാരിൽ 1,39,192 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ അഞ്ച് ശതമാനത്തിനടുത്ത് വോട്ടിൻ്റെ കുറവാണ് 2024ലെ ഉപതെരഞ്ഞെടുപ്പിൽ കാണാനാകുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ചു ശതമാനം പോളിംഗ് കുറഞ്ഞത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും, വിജയ പ്രതീക്ഷയിൽ ഒരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്നാണ് സ്ഥാനാർഥികൾ പറയുന്നത്. പിരായിരിയിൽ പോളിംഗ് കുറഞ്ഞതാണ് എൽഡിഎഫിനും എൻഡിഎയ്ക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നത്. യുഡിഎഫ് സ്വാധീന മേഖലയിൽ വോട്ട് കുറയുന്നത് നേട്ടമാകുമെന്ന് ഇരുവരും ഒരുപോലെ അവകാശപ്പെടുന്നു.
പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് ശക്തികേന്ദ്രങ്ങളില്ലെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിൻ്റെ പക്ഷം. പാലക്കാട് ലീഗിന് ചില പ്രദേശങ്ങളിൽ ശക്തികേന്ദ്രങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ കോൺഗ്രസിൻ്റെ അടിത്തറ തകർന്നിരിക്കുകയാണ്. നേരത്തെ പഞ്ചായത്ത് മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും യുഡിഎഫിന് അടിപതറിയിരുന്നു എന്നും സരിൻ അഭിപ്രായപ്പെട്ടു.
പാലക്കാടിനെ വഞ്ചിച്ചുപോയ യുഡിഎഫ് നേതാവിനെതിരെയുള്ള വികാരം ഇത്തവണം വോട്ടിലൂടെ പ്രതിഫലിക്കുമെന്നായിരുന്നു ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ പക്ഷം. ജനങ്ങളുടെ ഈ വികാരം എൻഡിഎയുടെ വിജയത്തിൽ അവസാനിക്കുമെന്നും കൃഷ്ണകുമാർ പറയുന്നു.
എന്നാൽ രാഹുൽ പതിനായിരത്തിലേറെ വോട്ടിന് ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതാക്കൾ. രാഹുലിൻ്റെ വാക്കുകളിലും ആത്മവിശ്വാസം പ്രകടമാണ്. തെരഞ്ഞെടുപ്പിൻ്റെ ഒരു ഘട്ടത്തിലും ആത്മവിശ്വാസം കുറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ രാഹുൽ, പ്രചരണത്തിലും മികച്ച പ്രതികരണം ലഭിച്ചിരുന്നെന്നും അഭിപ്രായപ്പെട്ടു. പ്രവർത്തകർ നൽകുന്ന ബൂത്ത് തല കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ന് മുന്നണികളുടെ അവലോകനം നടക്കും. തുടർന്ന് അന്തിമ നിഗമനത്തിലേക്ക് കടക്കാമെന്നാണ് നേതാക്കൾ പറയുന്നത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിന് 53,080 വോട്ടുകളാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 38.06 ശതമാനം വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരന് 49,155 (35.34%) വോട്ടുകളാണ് ആകെ ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാർഥി അഡ്വ. സി.പി. പ്രമോദിന് 35,622 (25.64%) വോട്ടുകളാണ് ലഭിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നിരന്തര വിവാദങ്ങൾ നിറഞ്ഞായിരുന്നു ഇത്തവണത്തെ പാലക്കാടൻ തെരഞ്ഞെടുപ്പ് പ്രചരണം. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായതോടെ, കോൺഗ്രസ് മീഡിയ സെൽ തലവനായിരുന്ന ഡോ. പി. സരിൻ പാർട്ടി വിട്ട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ രാഷ്ട്രീയ നാടകങ്ങൾക്ക് വരെ പാലക്കാട് സാക്ഷിയായി.
സ്ഥാനാർഥിത്വത്തിൻ്റെ പേരിലുടലെടുത്ത ചേരിപ്പോര് ഇരു മുന്നണികളിലും പല തർക്കങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ബിജെപിയുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാവുമെന്ന വാർത്തകളെ അസാധുവാക്കിക്കൊണ്ടായിരുന്നു സി. കൃഷ്ണകുമാറിൻ്റെ അപ്രതീക്ഷിത എൻട്രി. പിന്നാലെ പാർട്ടിയിലുണ്ടായ പിണക്കങ്ങൾ സന്ദീപ് വാര്യരെ കോൺഗ്രസിലെത്തിച്ചു. നീല ട്രോളി ബാഗ് വിവാദം, കൊടകര കുഴല്‍പ്പണക്കേസ് ഇങ്ങനെ നീളുന്നു പാലക്കാട്ടെ വിവാദങ്ങളുടെ നിര. ജനമനസിൽ എന്താണെന്നറിയാൻ ഇനി നവംബര്‍ 23 വരെ കാത്തിരിക്കാം.