പാരിസ് ഒളിംപിക്സില്‍ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടിയ ഇന്ത്യൻ താരം അമൻ സെഹ്‌റാവത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൻ്റെ സമർപ്പണത്തെയും സ്ഥിരോത്സാഹത്തെയും പ്രശംസിച്ചുകൊണ്ടായിരുന്നു മോദിയുടെ എക്സ് പോസ്റ്റ്. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമാണ് അമന്‍ നേടിയത്. പ്യൂട്ടോറിക്കയുടെ ഡാരിയന്‍ ടോയ് ക്രൂസിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ മെഡല്‍ നേട്ടം.
"ഇന്ത്യക്ക് കൂടുതൽ അഭിമാനം, നമ്മുടെ ഗുസ്തിതാരങ്ങൾക്ക് നന്ദി. പാരിസ് ഒളിംപിക്സില്‍ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കല മെഡൽ നേടിയ അമൻ സെഹ്‌റാവത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻ്റെ അർപ്പണബോധവും സ്ഥിരോത്സാഹവും വളരെ വ്യക്തമാണ്. രാജ്യം മുഴുവൻ ഈ ശ്രദ്ധേയമായ നേട്ടം ആഘോഷിക്കുകയാണ്" പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റിലൂടെ അഭിനന്ദനം നൽകി.
പിന്നാലെ കേന്ദ്ര മന്ത്രി അമിത് ഷായും അമൻ സെഹ്‌റാവത്തിന്‍റെ നേട്ടത്തെ പ്രശംസിച്ചു. "അഭിനന്ദനങ്ങൾ, അമൻ! നിങ്ങളുടെ ശ്രദ്ധേയമായ സ്ഥിരോത്സാഹവും ശക്തിയും കൊണ്ട്, പാരിസ് ഒളിംപിക്സ് ഗുസ്തി
മത്സരത്തിൽ നിങ്ങൾ ഇന്ത്യക്കായി വെങ്കല മെഡൽ ഉറപ്പിച്ചു. നിങ്ങളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു," അമിത് ഷാ എക്‌സ് പോസ്റ്റിൽ കുറിച്ചു.