ദേശീയ വനിതാ കമ്മീഷൻ മേധാവി രേഖ ശർമ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റിട്ടതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശത്തിന് ക്രിമിനൽ കേസെടുത്തു.
രേഖ ശർമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 79 പ്രകാരം ഞായറാഴ്ച ഡൽഹി പൊലീസിൻ്റെ പ്രത്യേക സെൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതിന് പുറമേ മഹുവ മൊയ്ത്രക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളക്കും രേഖ ശർമ്മ കത്തയച്ചിട്ടുണ്ട്.
'കാഷ് ഫോർ ക്വറി' വിവാദത്തെത്തുടർന്ന് കഴിഞ്ഞ വർഷം ലോക്‌സഭയിൽ നിന്ന് അയോഗ്യയാക്കപ്പെടുകയും ഈ വർഷം വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള എംപിയായ മഹുവ മൊയ്ത്ര വ്യാഴാഴ്ച വനിതാ കമ്മീഷൻ മേധാവിയായ രേഖ ശർമ്മയെ വിമർശിച്ച് പോസ്റ്റിട്ടിരുന്നു. ഹത്രസിലെ തിക്കിലും തിരക്കിലും 121 പേർ മരിച്ച സ്ഥലത്ത് സന്ദർശനം നടത്തിയ രേഖ ശർമ്മയുടെ വീഡിയോ പുറത്ത് വന്നിരുന്നു. അതിൽ ആരോ രേഖ ശർമ്മയ്‌ക്കായി കുട ഉയർത്തി നിൽക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. എക്‌സിലെ ഒരു പോസ്റ്റിൽ "പൈജാമ" പരാമർശം നടത്തിയതും വിവാദത്തിന് കാരണമായി. വിവാദമായതിനെ തുടർന്ന് പിന്നീട് ഇവർ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു
ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) ഈ പരാമർശത്തിനെതിരെ രംഗത്തെത്തുകയും മൊയ്‌ത്രയ്‌ക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു, എൻസിഡബ്ല്യുവിന്റെ പോസ്റ്റിന് പ്രതികരണമായി, ഉടൻ തന്നെ നടപടിയെടുക്കാനും തന്നെ അറസ്റ്റ് ചെയ്യാനും താൻ വെസ്റ്റ് ബംഗാളിലെ നാദിയയിലുണ്ടെന്നും കാണിച്ച് ഡൽഹി പോലീസിനെ ടാഗ് ചെയ്ത് മഹുവ പോസ്റ്റിടുകയും ചെയ്തിരുന്നു.
ആർജെഡി അധ്യക്ഷൻ ലാലു യാദവിനെയും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഊമകളെന്ന് വിളിക്കുകയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ‘സുഹാഗ് രാത്ത്’ പരാമർശം നടത്തി പരിഹസിക്കുകയും ചെയ്‌ത എൻസിഡബ്ല്യു മേധാവി രേഖ ശർമ്മയുടെ മുൻ ട്വീറ്റുകൾ പോസ്റ്റ് ചെയ്തുകൊണ്ട് ഇവർക്കെതിരെ നടപടിയെടുക്കുവാനും മൊയ്ത്ര ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം 'കാഷ് ഫോർ ക്വറി' ആരോപണങ്ങളെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. പാർലമെൻ്റിൽ നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്ന ചോദ്യങ്ങൾ ചോദിച്ചതിന് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് 2 കോടി രൂപ പണവും ആഡംബര സമ്മാനങ്ങളും ഉൾപ്പെടെ കൈക്കൂലി വാങ്ങിയെന്നാണ് അവർക്കെതിരെയുള്ള ആരോപണം.