NEWSROOM

ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹ്‍ലോട്ട് രാജിവച്ചു; എഎപി ജനങ്ങളില്‍ നിന്ന് അകന്നുവെന്ന് വിമര്‍ശനം

പാര്‍ട്ടി അംഗത്വവും മന്ത്രി സ്ഥാനവും രാജിവച്ച ഗെഹ്ലോട്ട് ബിജെപിയില്‍ ചേര്‍ന്നേക്കും.

Author : ന്യൂസ് ഡെസ്ക്

അടുത്ത ഫെബ്രുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് രാജിവച്ചു. പാര്‍ട്ടി അംഗത്വവും മന്ത്രി സ്ഥാനവും രാജിവച്ച ഗെഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നേക്കും. എഎപി ജനങ്ങളില്‍നിന്ന് അകന്നുവെന്ന വിമര്‍ശനമുന്നയിച്ചാണ് കൈലാഷ് ഗെഹ്‌ലോട്ട് രാജിവച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാവും പാര്‍ട്ടിയുടെ ജാട്ട് മുഖവുമായ കൈലാഷ് ഗെഹ്‌ലോട്ടിന്‍റെ രാജി അപ്രതീക്ഷിതമായിരുന്നു. ഇന്നലെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ വനിതാ ബസ് ഡിപ്പോ സരോജനി നഗറിൽ ഉദ്ഘാടനം ചെയ്ത ഗെഹ്ലോട്ട് രാജിയിലൂടെ ആം ആദ്മിയെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാതെ പരസ്പരം പോരടിക്കുകയാണ് എഎപിയെന്ന് രാജിക്കത്തില്‍ കൈലാഷ് ഗെഹ്‌ലോട്ട് പറയുന്നു. വനിതകള്‍ക്ക് സൗജന്യ യാത്ര, ഡല്‍ഹിയുടെ നിരത്തുകളില്‍ അങ്ങോളമിങ്ങോളമുള്ള ഇലക്ട്രിക് ബസുകള്‍ എന്നിങ്ങനെയുള്ള ജനപ്രീയ പദ്ധതികളുടെയെല്ലാം ആശയം കൈലാഷ് ഗെഹ്ലോട്ടിന്‍റേതായിരുന്നു.

യമുന നദി വൃത്തിയാക്കാന്‍ കഴിയാത്തതും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കോടികള്‍ മുടക്കി മോടി പിടിപ്പിച്ചതും രാജിക്കത്തില്‍ കൈലാഷ് ഗെഹ്ലോട്ട് വിമര്‍ശനമായി ഉന്നയിക്കുന്നു. കേന്ദ്രസര്‍ക്കാരുമായി നിരന്തരം തര്‍ക്കിച്ചുകൊണ്ടിരുന്നാല്‍ ഡല്‍ഹിയിലെ വികസനം സാധ്യമാകില്ലെന്ന് പറയുന്ന കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഈ രാജി തുടക്കം മാത്രമെന്നാണ് ബിജെപി പറയുന്നത്.

Also Read: മണിപ്പൂരിൽ അഫ്‌സ്‌പ പിൻവലിക്കണം; കേന്ദ്രത്തോട് ആവശ്യമറിയിക്കാൻ സംസ്ഥാനം

നജഫ്‌ഗഡ് എംഎല്‍എയാണ് കൈലാഷ് ഗെഹ്‌ലോട്ട്. ഗതാഗതം, നിയമം, ഐടി, ആഭ്യന്തരമടക്കം പ്രധാനപ്പെട്ട് നാല് വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഡിടിസി ബസ് അഴിമതിക്കേസില്‍ ആരോപണം നേരിടുന്നുണ്ട്. മദ്യനയ അഴിമതിക്കേസില്‍ ഇഡി ചോദ്യം ചെയ്തിട്ടുമുണ്ട്.

SCROLL FOR NEXT