NEWSROOM

DELHI ELECTION |ചൂലെടുത്ത എഎപിയുടെ വളര്‍ച്ചയും തളര്‍ച്ചയും; വേരുപിടിച്ച് താമര, മാഞ്ഞു പോയ കൈപ്പത്തിയും

Author : ന്യൂസ് ഡെസ്ക്

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കാലിടറി ആം ആദ്മി പാര്‍ട്ടി. ഫലം എണ്ണിത്തുടങ്ങിയതു മുതൽ മുതല്‍ ആം ആദ്മി പിന്നിലായിരുന്നു. ബിജെപി 45, എഎപി 25, കോണ്‍ഗ്രസ് 0 എന്ന നിലയിലാണ് നിലവിലെ അവസ്ഥ. ഫല സൂചനകള്‍ അനുകൂലമാകുമ്പോള്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് വീണ്ടും അധികാരം പിടിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.

അഴിമതിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തി അധികാരത്തിലെത്തിയ കെജ്‌രിവാളും സംഘവും അഴിമതിക്കേസില്‍ തന്നെ തകര്‍ന്നടിയുന്ന നിരാശാജനകമായ കാഴ്ച. 70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 45-55 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ഫല സൂചനകള്‍ വരന്നതും. കോണ്‍ഗ്രസ് മത്സരത്തിലെങ്ങുമില്ലാതെ സംപൂജ്യമായി.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ആധികാരികമായ വിജയം നേടിയ പാര്‍ട്ടിയാണ് ആം ആദ്മി. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ അഴിമതിയിൽ തട്ടി കാലിടറി വീഴുകയാണ് കെജ്‌രിവാളും സംഘവും.

ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ ഇങ്ങനെ:

2013 ലെ തെരഞ്ഞെടുപ്പില്‍ 31 സീറ്റുകളായിരുന്നു ബിജെപിക്ക് നേടാനായത്. കേവല ഭൂരിപക്ഷത്തിന് അഞ്ച് സീറ്റുകള്‍ കുറവ്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് 28 ഉം 8 ഉം സീറ്റുകള്‍ നേടി. ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പം കൈപിടിച്ച എഎപി സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ 49 ദിവസമായിരുന്നു ആ സര്‍ക്കാരിന്റെ ആയുസ്സ്. ഇതിനു ശേഷം രാജ്യതലസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി.

2015 ല്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി തൂത്തുവാരി. 70 സീറ്റില്‍ 67 ഉം നേടി. ബാക്കിയുള്ള മൂന്ന് സീറ്റ് ബിജെപിക്കായിരുന്നു. കോണ്‍ഗ്രസ് പൂജ്യം.

2020 ലും ആം ആദ്മി പാര്‍ട്ടി ചരിത്രമാവര്‍ത്തിച്ചു. 70 സീറ്റില്‍ 62 ഉം സ്വന്തമാക്കി. ബാക്കി എട്ട് സീറ്റില്‍ ബിജെപിയും വിജയിച്ചു. 1998 മുതല്‍ 2013 വരെ രാജ്യതലസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് ആ തെരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും നേടാനായില്ല.

ഡല്‍ഹിയിലെ രാഷ്ട്രീയ ചിത്രം മാറിയ തെരഞ്ഞെടുപ്പായിരുന്നു 2015 ലേത്. കോണ്‍ഗ്രസിനെ തള്ളി ആം ആദ്മി പാര്‍ട്ടി പ്രധാന പാര്‍ട്ടിയായി മാറി. ആ വീഴ്ചയില്‍ നിന്നൊരു കരകയറ്റമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചത്. ജനങ്ങളുടെ ഹൃദയത്തില്‍ ഇടം തിരിച്ചു കിട്ടാന്‍ രാഹുല്‍ ഗാന്ധിക്കും സംഘത്തിനും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് 2025 ലെ തെരഞ്ഞെടുപ്പ്.

SCROLL FOR NEXT