NEWSROOM

Delhi Capitals vs Rajasthan Royasl | സൂപ്പര്‍ ഓവറില്‍ സൂപ്പർ ക്ലൈമാക്‌സ്; ഐപിഎല്‍ ത്രില്ലറില്‍ ജയം ഡല്‍ഹിക്ക്

Author : ന്യൂസ് ഡെസ്ക്

വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത രണ്ട് ടീമുകള്‍. ഉശിരന്‍ പോരാട്ടം, ഇതാണ് ആരാധകര്‍ ഐപിഎല്ലില്‍ കാത്തിരുന്ന പോരാട്ടം. സൂപ്പര്‍ ക്ലൈമാക്‌സിൽ ഒടുവില്‍ വിജയം ഡല്‍ഹി ക്യാപിറ്റല്‍സിന്. സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ 11 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി സിക്‌സും ഫോറും ഒരു സിംഗിളുമെടുത്ത് വിജയം സ്വന്തം പേരിലാക്കി. 


ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 189 വിജയലക്ഷ്യത്തിലേക്കെത്താന്‍ അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന്‍ റോയല്‍സ് നടത്തിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയതോടെ മത്സരം സമനിലയില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മികച്ച തുടക്കം അഭിഷേക് നല്‍കിയെങ്കിലും ഓപ്പണര്‍ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക് (9), കരുണ്‍ നായര്‍ (0), പുറത്തായത് തിരിച്ചടിയായി. മൂന്നാം വിക്കറ്റില്‍ അഭിഷേകിനൊപ്പം രാഹുലും ചേര്‍ന്നതോടെ ഡല്‍ഹി മത്സരത്തില്‍ താളം കണ്ടെത്തി. ഇരുവരും ചേര്‍ന്ന് 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13ാം ഓവറില്‍ 32 പന്തില്‍ 38 റണ്‍സെടുത്ത് രാഹുല്‍ പുറത്തായതോടെ കൂട്ടുകെട്ട് തകര്‍ന്നു. രണ്ട് സിക്‌സും ഒരു ഫോറും രാഹുല്‍ അടിച്ചെടുത്തിരുന്നു.

പിന്നാലെ, ഹസരംഗയുടെ പന്തില്‍ അഭിഷേകും മടങ്ങി. 37 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 49 റണ്‍സില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു അഭിഷേക് പുറത്താകുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്‌റ്റൻ അക്ഷര്‍ പട്ടേല്‍ 14 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറുമടക്കം 34 റണ്‍സ് നേടി. പതിനേഴാം ഓവറില്‍ പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും മികച്ച തുടക്കം നല്‍കി. പരിക്കിനെ തുടര്‍ന്ന് സഞ്ജു കളം വിടുമ്പോള്‍ 19 പന്തില്‍ 31 റണ്‍സ് നേടിയിരുന്നു. സഞ്ജുവിന്റെ പിന്മാറ്റം രാജസ്ഥാന് ചെറിയ തിരിച്ചടി നല്‍കി. പിന്നാലെ എത്തിയ റിയാന്‍ പരാഗ് (8) പുറത്തായി.

അവസാന ഓവറില്‍ തോല്‍ക്കാന്‍ മനസ്സില്ലെന്ന് കാണിച്ച് തകര്‍ത്തടിച്ച നിതീഷ് റാണയാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 15 റണ്‍സുമായും ധ്രുവ് ജുറെല്‍ 26 റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന പന്തില്‍ 2 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഡബിള്‍ ഓടാന്‍ ശ്രമിച്ച ജുറെല്‍ റണ്ണൗട്ട് ആയതോടെ മത്സരം സമനിലയിലാകുകയായിരുന്നു.

SCROLL FOR NEXT