ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി. സെപ്തംബർ 25 വരെയാണ് കസ്റ്റഡി നീട്ടിയത്. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കാലാവധി വീണ്ടും നീട്ടിയത്. തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കെജ്‌രിവാളിനെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്.
കുറ്റപത്രത്തിൻ്റെ സോഫ്റ്റ് കോപ്പി പ്രതികൾക്കും, ഹാർഡ് കോപ്പി മൂന്ന് നാല് ദിവസത്തിനുള്ളിൽ കോടതിക്കും നൽകാമെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉറപ്പ് നൽകി. അതേസമയം കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച രണ്ട് ഹർജികളിൽ ഇതുവരെയും വിധി പറഞ്ഞിട്ടില്ല. സിബിഐ അറസ്റ്റ് ചെയ്തതിന് എതിരെയും, ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്തും, രണ്ട് ഹർജികളാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
ALSO READ: അഞ്ച് മാസം അഴികളെണ്ണി തീർത്തു കെജ്‌രിവാൾ; ഇത് ആം ആദ്മിയെ 'തീർക്കാനുള്ള ബിജെപി ക്വട്ടേഷൻ'?
മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് ഡൽഹി മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായത്. സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹാജരായി. 2024 ജൂൺ 26നാണ് മദ്യനയ അഴിമതി കേസിൽ സിബിഐ കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ജൂൺ 25ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ കെജ്‍രിവാളിനെ തിഹാർ ജയിലിൽ സിബിഐ ചോദ്യം ചെയ്യുകയും, ജൂൺ 26ന് കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആദ്യം അറസ്റ്റ് ചെയ്തത്.