ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കേറ്റ കനത്ത പരാജയം അംഗീകരിക്കുന്നുവെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് കരുതുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു.
'ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞു. ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. ജനങ്ങളുടെ തീരുമാനം അന്തിമമാണ്. വിജയം നേടിയ ബിജെപിയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. വാഗ്ദാനങ്ങള്‍ ബിജെപി നിറവേറ്റുമെന്നാണ് കരുതുന്നത്,' അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ALSO READ: DELHI ELECTION RESULTS | തകർന്നടിഞ്ഞ് ആം ആദ്മി; കാൽ നൂറ്റാണ്ടിനിപ്പുറം ഡൽഹിയിൽ താമര വിരിഞ്ഞു
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ ബിജെപി 48 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. 22 സീറ്റുകളില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായത്. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മ്മയോട് പരാജയപ്പെട്ടു. ജംങ്പുരയില്‍ മനീഷ് സിസോദിയയും തോറ്റു. കല്‍ക്കാജി മണ്ഡലത്തില്‍ നിലവിലെ ഡല്‍ഹി മുഖ്യമന്ത്രിയായ അതിഷി മര്‍ലേന വിജയിച്ചതാണ് ആം ആദ്മിക്ക് ഏക ആശ്വാസം. ബിജെപിയുടെ രമേഷ് ബിധുരിയായിരുന്നു അതിഷിയുടെ എതിരാളി.
ഇത്തവണത്തെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടുവിഹിതം യഥാക്രമം ബിജെപി 46.39%, ആം ആദ്മി പാര്‍ട്ടി 43.47%, കോണ്‍ഗ്രസ് 6.38% എന്നിങ്ങനെയാണ്. 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി അധികാരം ഉറപ്പിക്കുന്നത്. 1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി 15 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് 2015ലും 2020ലും അക്കൗണ്ട് തുറക്കാനായിരുന്നില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംപൂജ്യരായി മാറി. എഎപി-ബിജെപി പോരിനിടെ നിലനില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും കളത്തിലിറങ്ങിയത്.