NEWSROOM

എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആര്? കെജ്‌രിവാളിന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന വാദവുമായി ബിജെപി

ജാമ്യം കിട്ടിയശേഷം രാജിവയ്ക്കുമ്പോള്‍ ഒരു പ്രഖ്യാപനമാണ് കെജ്‌രിവാള്‍ നടത്തിയത്. ഇനി ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ മാത്രമേ മുഖ്യമന്ത്രിയാകൂ എന്നായിരുന്നു അത്

Author : ന്യൂസ് ഡെസ്ക്


ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ അരവിന്ദ് കെജ്‌രിവാളിന് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന വാദവുമായി ബിജെപി. ജാമ്യത്തിലിറങ്ങിയ ശേഷം രാജിവച്ചയാള്‍ ഇനി വിധിവരാതെ എങ്ങനെ തിരികെ മുഖ്യമന്ത്രിയാകും എന്നാണ് രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തുന്ന ചോദ്യം.

അതീഷി മര്‍ലേന സിങ് അല്ല, അരവിന്ദ് കെജ്‌രിവാള്‍ തന്നെയാകും അടുത്ത മുഖ്യമന്ത്രി എന്ന് അടിവരയിട്ടു പറയുകയാണ് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിസോദിയയും കെജ്‌രിവാളും അതീഷിയും മല്‍സരിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ച് എഎപിക്ക് സംശയമില്ല - അത് കെജ്‌രിവാള്‍ തന്നെ.

കെജ്‌രിവാളിന് ഇനി മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നാണ് ബിജെപി നേതാക്കള്‍ എല്ലാ യോഗങ്ങളിലും പ്രസംഗിക്കുന്നത്. സുപ്രീം കോടതി ജാമ്യം അനുവദിച്ച ശേഷം രാജിവയ്‌ക്കേണ്ടി വന്നയാള്‍ ഇനി വിധിവരാതെ എങ്ങനെ അധികാരത്തിലെത്തും? ഇതാണ് എഎപിക്കു നേരേ ഉയരുന്ന ചോദ്യം.

സുപ്രീം കോടതി പറഞ്ഞിട്ടായിരുന്നില്ല കെജ്‌രിവാളിന്റെ രാജി. ജാമ്യം കിട്ടിയശേഷം രാജിവയ്ക്കുമ്പോള്‍ ഒരു പ്രഖ്യാപനമാണ് കെജ്‌രിവാള്‍ നടത്തിയത്. ഇനി ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ മാത്രമേ മുഖ്യമന്ത്രിയാകൂ എന്നായിരുന്നു അത്. പാര്‍ട്ടിയുടെ മുന്‍നിരയില്‍ ഇപ്പോള്‍ നാലു നേതാക്കളുണ്ട്. കെജ്‌രിവാള്‍, സിസോദിയ, അതീഷി, പിന്നെ മുന്‍ എംപി സഞ്ജയ് സിങ്ങും. ഇതില്‍ അതീഷി ഒഴികെ മൂന്നുപേരും ഒരേ കേസില്‍ ജയിലില്‍ കിടന്നവരാണ്. ആ കേസില്‍ ഇനിയും എന്തെങ്കിലും തിരിച്ചടി ഉണ്ടായാല്‍ അത് മൂന്നുപേരേയും ഒരുപോലെ ബാധിക്കും. ഈ സാഹചര്യത്തിലാണ് കേജ്രിവാളിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം.

2013ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണത്തിലേറിയ അരവിന്ദ് കെജ്‌രിവാള്‍ 49-ാം ദിവസം രാജിവച്ചു. ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ല എന്നാരോപിച്ചുള്ള രാജി കെജ്‌രിവാളിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. 2015ല്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ ഒറ്റയ്ക്ക് അധികാരത്തിലെത്തി. 2025ലും കെജ്‌രിവാള്‍ എന്ന ഒറ്റനേതാവിനെ മുന്നില്‍ നിര്‍ത്തിത്തന്നെയാണ് എഎപിയുടെ പ്രചാരണം.

SCROLL FOR NEXT