NEWSROOM

വഖഫ് കള്ളപ്പണം വെളുപ്പിക്കൽ കേസ്: എംഎൽഎ അമാനത്തുള്ള ഖാന് ഹൈക്കോടതി നോട്ടീസ്

അഴിമതി പണം ഉപയോഗിച്ച് സഹായികളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിയതായും എംഎൽഎയ്‌ക്കെതിരെ ആരോപണമുണ്ട്

Author : ന്യൂസ് ഡെസ്ക്

വഖഫ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാന് ഡൽഹി ഹൈക്കോടതി നോട്ടീസ്. അമാനത്തുള്ള ഖാനെതിരെ സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതി നിരസിച്ചതിനെതിരെ  ഇഡി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വികാസ് മഹാജൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇഡിയുടെ ഹർജിയിൽ മറുപടി നൽകാൻ അമാനത്തുള്ള ഖാനോട് ഡെഞ്ച് ആവശ്യപ്പെട്ടു. കൂടാതെ വിചാരണ കോടതിയോട് ബെഞ്ച് മാർച്ച് 21 വരെ നടപടികൾ മാറ്റിവയ്ക്കാൻ നിർദേശം നൽകി. ഡൽഹി വഖഫ് ബോർഡിൻ്റെ  തലവനായ അമാനത്തുള്ള ഖാൻ, ജീവനക്കാരെ തെറ്റായി നിയമിച്ചതായും സ്വത്തുക്കൾ പാട്ടത്തിന് നൽകിയതായും ആരോപണം ഉയർന്നതിൻ്റെ പശ്ചാത്തലത്തിലാണ്  ഇഡി അന്വേഷണം പുരോഗമിക്കുന്നത്. 



തെക്കൻ ഡൽഹിയിലെ ഓഖ്‌ല പ്രദേശത്തുള്ള വീട്ടിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇഡിയുടെ പരിശോധനയ്ക്ക് പിന്നാലെ തന്നെ അറസ്റ്റ് ചെയ്യാൻ ഇഡി ഉദ്യോഗസ്ഥർക്ക് പദ്ധതിയുണ്ടെന്ന് സംശയിക്കുന്നതായി ഖാൻ എക്സിൽ പങ്കുവെച്ച ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി എംഎൽഎയെ അറസ്റ്റ് ചെയ്തത്. "കള്ളക്കേസുകൾ ചുമത്തി രണ്ട് വർഷമായി അവർ എന്നെ ഉപദ്രവിക്കുന്നു, പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇ.ഡി. ഞങ്ങളുടെ പാർട്ടിയെ മുഴുവൻ ഉപദ്രവിക്കുകയാണ്. എഎപിയെ തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം", എന്നും എംഎൽഎ കൂട്ടിച്ചേർത്തിരുന്നു.



ഒഖ്‌ലയിൽ എംഎൽഎ 35 കോടിയിലധികം വിലമതിക്കുന്ന സ്വത്ത് വാങ്ങിയതായും ഇഡി ആരോപിച്ചു. അഴിമതി പണം ഉപയോഗിച്ച് സഹായികളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിയതായും എംഎൽഎയ്‌ക്കെതിരെ ആരോപണമുണ്ട്. ഇയാൾക്കെതിരെ സിബിഐ പ്രത്യേക അഴിമതി കേസുകളും രജിസ്ട്രർ ചെയ്തിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനായി ഇഡി ഏറ്റെടുക്കുകയായിരുന്നു.

SCROLL FOR NEXT