ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരായ അപകീര്‍ത്തിക്കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. 2019ൽ ആരംഭിച്ച മാനനഷ്ടക്കേസിനെ ചോദ്യം ചെയ്ത് കെജ്‍രിവാൾ നൽകിയ ഹർജി കോടതി തള്ളിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
2018ല്‍ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതിന് പിന്നില്‍ ബിജെപിയാണെന്ന് കെജ്‍രിവാള്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിലാണ് ബിജെപി നേതാവ് രാജീവ് ബബ്ബർ കെജ്‍രിവാളിനും എഎപി നേതാക്കള്‍ക്കുമെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്.
ALSO READ: അരവിന്ദ് കെജ്‌രിവാൾ സ്വപ്നത്തിൽ വന്നു; പാർട്ടിയിലേക്ക് തിരിച്ചെത്തി നാല് ദിവസം മുൻപ് ബിജെപിയിൽ ചേർന്ന എഎപി നേതാവ്
2018 ൽ കെജ്‍രിവാളും എഎപി നേതാക്കളും നടത്തിയ വാർത്ത സമ്മേളനത്തിലാണ് അപകീർത്തി പരാമർശം നടത്തിയത് എന്നും ബബ്ബർ പറയുന്നു. ബനിയ, മുസ്‌ലിം എന്നിവ ഉൾപ്പടെ മറ്റ് സമുദായങ്ങളിലെ 30 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് ബിജെപി ഉത്തരവാദിയാണെന്നാണ് കെജ്‌രിവാളും മറ്റ് എഎപി നേതാക്കളും പറഞ്ഞതായി രാജീവ് ബബ്ബർ ആരോപിക്കുന്നത്.
കെജ്‌രിവാളിനെയും എഎപി നേതാക്കളായ സുശീൽ കുമാർ ഗുപ്ത, അതിഷി മർലീന, മനോജ് കുമാർ എന്നിരെയാണ് മാനനഷ്ടക്കേസിലൂടെ രാജീവ് ബബ്ബർ ലക്ഷ്യം വെച്ചത്. രാജീവ് ബബ്ബറിനെതിരെയോ ബിജെപിക്കെതിരെയോ അപകീർത്തിപ്പെടുത്തലോ മറ്റ് പരാമർശങ്ങളോ നടത്തിയിട്ടില്ലെന്ന് വിലയിരുത്തുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്നും, പരാതിയിൽ അപമാനിക്കപ്പെട്ട വ്യക്തിയെപ്പറ്റിയുള്ള പരാമർശങ്ങൾ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കെജ്‌രിവാൾ വാദിക്കുന്നത്.