NEWSROOM

ഡൽഹി ആശുപത്രിയിൽ വെടിവെയ്പ്പ്: ഒരാൾക്ക് ദാരുണാന്ത്യം

വെടിവെയ്പ്പിൽ പരിക്കേറ്റ റിയാസുദീന് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിലെ സർക്കാർ ആശുപത്രിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. ഡൽഹിയിലെ ജി ടി ബി ആശുപത്രിയിലാണ് സംഭവം. ഇന്നലെ വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. അക്രമത്തിന് പിന്നിൽ പതിനെട്ടുകാരനാണെന്നാണ്  നിഗമനം.

അക്രമി വാർഡിലെത്തി വെടിയുതിർത്തുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ചികിത്സയിലായിരുന്ന റിയാസുദീനാണ് വെടിവെപ്പിനിടെ കൊല്ലപ്പെട്ടത്. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ജൂൺ 23 നാണ് റിയാസുദീൻ ചികിത്സയ്‌ക്കെത്തുന്നത്. അക്രമത്തിന് പിന്നിലുള്ള കാരണത്തെ സംബന്ധിച്ച് പൊലീസിന് ഇനിയും വ്യക്തതയില്ല.

അതേസമയം അക്രമികൾക്ക് ആളുമാറിയാണ് റിയാസുദീനെ വെടിവെച്ചതെന്നും യഥാർത്ഥത്തിൽ അക്രമികൾ വന്നത് റിയാസുദീൻ്റെ തൊട്ടടുത്ത് ചികിത്സയിൽ കഴിയുന്ന വ്യക്തിക്കു വേണ്ടിയാണെന്നും റിയാസുദീൻ്റെ ഭാര്യ ദേശീയ വാർത്ത ഏജൻസിയോട് പ്രതികരിച്ചു.

വെടിവെപ്പിൽ പരിക്കേറ്റ റിയാസുദീന് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത ഡൽഹി പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി അഡിഷണൽ ഡി സി പി വിഷ്ണു ശർമ്മ പറഞ്ഞു .

SCROLL FOR NEXT